top news
റഷ്യയില്‍ ആരാധനാലയങ്ങള്‍ക്ക് നേരെ വെടിവെപ്പ്; പുരോഹിതനടക്കം 15 ലേറെ പേര്‍ കൊല്ലപ്പെട്ടു
മോസ്‌കോ: റഷ്യയിലെ നോര്‍ത്ത് കോക്കസസ് മേഖലയിലെ ഡാഗെസ്താനില്‍ ആരാധനാലയങ്ങള്‍ക്ക് നേരെ വെടിവെപ്പ്. രണ്ട് ഓര്‍ത്തഡോക്‌സ് പള്ളികള്‍ക്കും ഒരു സിനഗോഗിനും പൊലീസ് പോസ്റ്റിനും നേരെ തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ 15 ലധികം പൊലീസുകാരും ഒരു ഓര്‍ത്തഡോക്‌സ് പുരോഹിതന്‍ ഉള്‍പ്പെടെ നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം ഡെര്‍ബെന്റ്, മഖച്കല നഗരങ്ങളില്‍ നടന്ന ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.
ആക്രമണത്തിന്റെ ഫലമായി ഡെര്‍ബെന്റിലെ സിനഗോഗിന് തീപിടിക്കുകയായിരുന്നു. പള്ളിയില്‍ നിന്ന് പുക ഉയരുന്നത് കണ്ടിട്ടാണ് ജനങ്ങള്‍ പൊലീസിനെ വിവരം അറിയിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും ഇതുവരെ തീയണക്കാന്‍ സാധിച്ചിട്ടില്ല. ആക്രമികള്‍ അന്താരാഷ്ട്ര തീവ്രവാദ സംഘടനയിലെ അംഗങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
റഷ്യയിലെ ഏറ്റവും ദരിദ്രമായ ഭാഗങ്ങളിലൊന്നായ മുസ്ലീം നോര്‍ത്ത് കോക്കസസ് മേഖലയിലെ പുരാതന ജൂത സമൂഹത്തിന്റെ ആസ്ഥാനമായ ഡെര്‍ബെന്റിലാണ് സിനഗോഗും പള്ളിയും സ്ഥിതി ചെയ്യുന്നത്. ഏകദേശം 125 കിലോമീറ്റര്‍ അകലെ ഡാഗെസ്താന്റെ തലസ്ഥാനമായ മഖച്കലയിലാണ് പൊലീസ് പോസ്റ്റ് ആക്രമണം നടന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ മഖച്കലയില്‍ നാല് തോക്കുധാരികളെ പൊലീസ് വധിച്ചതായി ഡാഗെസ്താന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മഖച്കലയില്‍ നിന്ന് 65 കിലോമീറ്റര്‍ സെര്‍ഗോക്കല്‍ എന്ന ഗ്രാമത്തില്‍ അക്രമികള്‍ ഒരു പൊലീസ് കാറിന് നേരെ വെടിയുതിര്‍ക്കുകയും ഒരു ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു.
മാര്‍ച്ചില്‍ മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാള്‍ കച്ചേരി വേദിയില്‍ മാരകമായ ആക്രമണം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന നാല് പേരെ ഡാഗെസ്താനില്‍ വച്ച് അറസ്റ്റ് ചെയ്തതായി റഷ്യയുടെ എഫ്.എസ്.ബി സുരക്ഷാ സേവനം വിഭാഗം അറിയിച്ചിരുന്നു.
1994-1996ലും പിന്നീട് 1999-2000ലും റഷ്യന്‍ അധികാരികള്‍ വിഘടനവാദികളുമായി യുദ്ധം ചെയ്ത ചെച്‌നിയയുടെ കിഴക്കാണ് ഡാഗെസ്താന്‍ സ്ഥിതി ചെയ്യുന്നത്. ചെചെന്‍ വിമതരെ പരാജയപ്പെടുത്തിയത് മുതല്‍ റഷ്യന്‍ അധികാരികള്‍ വടക്കന്‍ കോക്കസസിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇസ്ലാമിക തീവ്രവാദികളുമായി സംഘര്‍ഷത്തിലാണ്. നിരവധി പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.