കോഴിക്കോട് : മകൻ വൈദ്യുതി ഓഫീസ് അക്രമിച്ചെന്ന കള്ള പ്രചാരണം നടത്തി പിതാവിൻ്റെ പേരിലുള്ള വൈദ്യുതി ബന്ധം വിഛേദിച്ച തിരുവമ്പാടിയിലെ സംഭവം ഭരണകൂട ഭീകരതയെന്ന് ഫാ. അജി പുതിയാപറമ്പിൽ. ശുശുഷാ ദൗത്യം ഉപേക്ഷിച്ച് പ്രവാചക ദൗത്യം ഏറ്റെടുത്തത് വഴി താമരശേരി രൂപതയുടെ കണ്ണിലെ കരടായി മാറിയ ഫാ: അജി, തിരുവസാടി സംഭവത്തെ രൂക്ഷമായി വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ഭരണകൂട ഭീകരതക്കെതിരെ രംഗത്തെത്തി. ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണരൂപം –
*ബുൾഡോസർ രാജിൻ്റെ കേരള മോഡൽ.*
കേരള മോഡൽ – ദേശീയ തലത്തിൽ മാത്രമല്ല ആഗോള തലത്തിൽ തന്നെ പ്രശസ്തമാണ്.
*ഇപ്പോഴിതാ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുപ്രസിദ്ധി നേടിയ ബുൾഡോസർ രാജിനും കേരള മോഡൽ ഉണ്ടായിരിക്കുന്നു.!!!*
*പ്രതിഷേധിക്കുന്നവരെ പ്രതികളാക്കുകയും പിന്നീട് അവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തുകയും ചെയ്യുന്ന ആധുനിക ഉത്തരേന്ത്യൻ ശിക്ഷാരീതിക്കാണ് പൊതുവേ ബുൾഡോസർ രാജ് എന്ന് പറയുന്നത്.* ഇന്ത്യൻ ശിക്ഷാ നിയമങ്ങളായ ഭാരതീയ ന്യായ സംഹിതയിലോ, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലോ ഇങ്ങനെയൊരു ശിക്ഷാരീതിയെപ്പറ്റി എവിടെയും പരാമർശമില്ല. *എങ്കിലും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പല വീടുകളും ബുൾഡോസർ രാജിൽ ചതഞ്ഞരഞ്ഞു.!!!*
ഇപ്പോൾ ഇക്കാര്യത്തിൽ കേരളത്തിന് ദേശീയ തലത്തിൽ (കു)പ്രസിദ്ധി നേടി തന്നിരിക്കുന്നത് നമ്മുടെ സ്വന്തം ഇലക്ട്രിസിറ്റി ബോർഡാണ്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലാണ് *പുതിയ* *കെ. മോഡൽ* സംഭവം നടന്നത്.
ബില്ലടയ്ക്കാൻ വൈകിയതിന് അജ്മൽ എന്നയാളുടെ പിതാവിൻ്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ കെ. എസ്. ഇ .ബി . കട്ട് ചെയ്യുന്നു. ബില്ലടച്ചതിന് ശേഷം, ഒരു ദിവസം കഴിഞ്ഞ് കണക്ഷൻ പുന:സ്ഥാപിക്കുന്നു. വൈദ്യുതി പുനസ്ഥാപിക്കാൻ ഒരു ദിവസം വൈകിയതിൽ മകൻ ഓഫീസിൽ ചെന്ന് പ്രതിഷേധിക്കുന്നു. പ്രതിഷേധം പ്രശ്നമാകുന്നു. ജീവനക്കാർ വിളിച്ചതനുസരിച്ച് പോലീസ് വരുന്നു. അജ്മലിനെ അറസ്റ്റു ചെയ്യുന്നു.
*തുടർന്ന് നടന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്.* അജ്മലിൻ്റെ പിതാവിൻ്റെ പേരിലുളള വൈദ്യുതി കണക്ഷൻ കെ. എസ്. ഇ. ബി. പ്രതികാര നടപടിയെന്നവണ്ണം പൂർണ്ണമായി വിഛേദിക്കുന്നു.
ഭാരതത്തിൽ വിത്തുപാകി വളർത്താൻ ശ്രമിക്കുന്ന
*ഭയപ്പെടുത്തൽ ഭരണത്തിൻ്റെ* കേരളപ്പതിപ്പിൻ്റെ ഉദ്ഘാടനമായി ഇതിനെ കാണ്ടേണ്ടി വരും.
ഇനി മുതൽ ആരോഗ്യ വകുപ്പിനെതിരേ പ്രതിഷേധിക്കുന്നവരുടെ ചികിത്സ നിഷേധിക്കുമോ?
*വായു മലിനീകരണത്തിനെതിരേ സമരം ചെയ്യുന്നവർക്ക് ശ്വസിക്കാനുള്ള അവകാശവും, ഭക്ഷ്യ വിലക്കയറ്റത്തിനെതിരേ പ്രതിഷേധിക്കുന്നവർക്ക് ഭക്ഷണവും വിലക്കുമോ?*
രജിസ്റ്റർ ആഫീസിൽ പ്രതിഷേധിച്ചാൽ ആധാരം കാൻസൽ ചെയ്യുമോ ?
പൊളിഞ്ഞ റോഡിനെതിരേ പ്രതിഷേധിച്ചാൽ സഞ്ചാര സ്വാതന്ത്യം റദ്ദ് ചെയ്യുമോ?
സാധാരണക്കാരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയ പാരമ്പര്യമുള്ള ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്.
അതിൻ്റെ സർക്കാർ ഭരിക്കുന്ന ഈ കാലഘട്ടത്തിൽ തന്നെ ഇതെല്ലാം സംഭവിക്കുന്നു എന്നത് അത്യന്തം ദുഖ:കരമാണ്.!!
പണമടയ്ക്കാൻ വൈകിയതിൻ്റെ പേരിൽ വൈദ്യുതി കണക്ഷൻ കട്ട് ചെയ്യാൻ ഡിപ്പാർട്ട്മെൻ്റിന് അധികാരമുണ്ട്. അതിൽ തർക്കമില്ല… *എന്നാൽ ഈ ഉത്സാഹം സാധാരണക്കാരൻ്റെ കാര്യത്തിൽ മാത്രം കാണിച്ചാൽ പോരാ ? .* കോടിക്കണക്കിന് കുടിശ്ശികയുള്ളവരുടെ കാര്യത്തിലും കാണിക്കണം. ആദ്യം അവരുടെ കാര്യത്തിൽ നടപടിയെടുക്കൂ. എന്നിട്ടാവാം സാധാരണക്കാരൻ്റെയും പാവപ്പെട്ടവൻ്റെയും കാര്യത്തിൽ .
അക്രമത്തെ ആരും ന്യായീകരിക്കുന്നില്ല.
പ്രതിഷേധത്തിൽ അക്രമം ഉണ്ടായാൽ നിയമാനുസൃതം നടപടിയുണ്ടാകണം. കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം. അതാണ് പരിഷ്കൃത സമൂഹത്തിന് ഭൂഷണം. അല്ലാതെ അവരുടെ കുടുംബത്തിൻ്റെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിച്ച് പക പോക്കുകയല്ല.
*ഉദ്യോഗസ്ഥരാജിനെ നിയന്ത്രിക്കാനും നിലയ്ക്ക് നിർത്താനുമുള്ള ആർജ്ജവം രാഷ്ട്രീയ നേതൃത്വം കാണിച്ചേ തീരൂ…*
ഇല്ലെങ്കിൽ ബുൾഡോസർ രാജ് കോവിഡ് പോലെ എല്ലാം വകുപ്പുകളിലേയ്ക്കും അതിവേഗം ആളിപ്പടരും !!!
അതിൻ്റെ ദൂരവ്യാപകമായ ഫലം
പ്രവചനാതീതമാണ്: !!!
ഫാ. അജി പുതിയപറമ്പിൽ
07 – 07 – 2024