തൃശൂര്‍ : കോവിഡിനെതിരെ പൊരുതാന്‍ ഔഷധച്ചായ. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ആയുര്‍വേദ ഡോക്ടറായ സിസ്റ്റര്‍ ഡൊണേറ്റയാണ് പോരാളിചായയുടെ ഔഷധക്കൂട്ട് ഒരുക്കിയത്. ചായക്കു ആശുപത്രിയിലെ കാന്റീനിലുള്ളവര്‍ പേരിട്ടു. “ഡോണാ ചായ”.
അതേ, ചായയുടെ ഔഷധക്കൂട്ട് തയാറാക്കിയ ഡോ. സിസ്റ്റര്‍ ഡൊണേറ്റയുടെ നാമധേയത്തിലുള്ള ചായ. ചായവിശേഷം വെറും ചായക്കോപ്പയില്‍ അവസാനിക്കുന്നില്ല. അദ്ഭുതകരമായ ഫലസിദ്ധിയെന്ന് ഔഷധചായ കുടിച്ചവരുടെ അനുഭവ സാക്ഷ്യം. ഡോണാ ചായയുടെ പ്രതിരോധശേഷിയെക്കുറിച്ചുള്ള ഗവേഷണവും ജൂബിലി മിഷനിലെ ഗവേഷണ വിഭാഗം ആരംഭിച്ചു.
അടുക്കളയിലെ മസാലക്കൂട്ടുകളായ ചുക്ക്, കുരുമുളക്, വെളുത്തുള്ളി, കറുവപ്പട്ട, കുടംപുളി എന്നിവയ്‌ക്കൊപ്പം തുളസി, ആടലോടകം, പനികൂര്‍ക്ക, മാവ്, പേര, കറിവേപ്പ് എന്നിവയുടെ ഇലകളും ചേര്‍ത്ത് തിളപ്പിച്ച് അല്‍പം തേയിലപ്പൊടിയും ശര്‍ക്കരയും ചേര്‍ത്താണു ഡോണാ ടീ തയാറാക്കുന്നത്.
കോവിഡ് പടര്‍ന്നുതുടങ്ങിയ മാര്‍ച്ച് മാസത്തില്‍ ജൂബിലി മിഷന്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗത്തിനിടെയാണ് ഔഷധചായക്കൂട്ട് ഡോ. സിസ്റ്റര്‍ ഡൊണാറ്റ വെളിപ്പെടുത്തിയത്. തിരുവനന്തപുരം ആയുര്‍വേദ കോളജില്‍നിന്ന് ബിഎഎംഎസ്, എംഡി ബിരുദങ്ങള്‍ നേടി 43 വര്‍ഷമായി ആയുര്‍വേദ ചികില്‍സാ, ഗവേഷണ രംഗത്തു ശുശ്രൂഷ ചെയ്യുകയാണ് സിസ്റ്റര്‍ ഡൊണാറ്റ.
മാര്‍ച്ച് പകുതിയോടെ ആശുപത്രിയുടെ കാന്റീനില്‍ ഈയിനം ചായ പരീക്ഷണാടിസ്ഥാനത്തില്‍ സൗജന്യമായി വിതരണം ചെയ്തുതുടങ്ങി. ഇപ്പോള്‍ ദിവസവും 20 ലിറ്റര്‍ ചായ തയാറാക്കി നല്‍കുന്നുണ്ട്. കാന്റീന്‍ ജീവനക്കാര്‍ അടക്കം ഇരുന്നൂറോളം പേര്‍ ദിവസവും സ്ഥിരമായി ഈ ഔഷധചായ കഴിക്കുന്നുണ്ടെന്ന് കാന്റീന്‍ മാനേജര്‍ നെല്‍വിന്‍ സി. ജോണ്‍ പറഞ്ഞു.
ഈയിനം ഔഷധച്ചായ ഇതിനകം അനേകം പേര്‍ ശീലമാക്കി. കോവിഡ് രോഗികളും ഉപയോഗിച്ചു. ഫലമപ്രദമെന്നു ബോധ്യപ്പെട്ടതോടെയാണ് ഡോണാ ടീയില്‍ ഗേവഷണം തുടങ്ങാന്‍ തീരുമാനിച്ചത്. ഡോ. സുപ്രിയ അടിയോടിയും ഡോ. ദീപ്തി വിജയരാഘവനും ഗവേഷണത്തിനു റിസേര്‍ച്ച് പ്രൊജക്ട് തയാറായിക്കഴിഞ്ഞു.