തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആശുപത്രിയിലെ നിരീക്ഷണം പൂര്‍ത്തിയാക്കിയാലുടന്‍ കസ്റ്റംസ് അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന.
വെള്ളിയാഴ്ച വൈകീട്ട് ശിവശങ്കറിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് നേരിട്ട് വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു ശിവശങ്കര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. കരമനയിലെ പിആര്‍എസ് ആശുപത്രിയില്‍ ഹൃദ്രോഗ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ബോധ്യപ്പെട്ടതായി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂര്‍ കൂടി ശിവശങ്കര്‍ നിരീക്ഷണത്തില്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. അതിന് ശേഷമായിരിക്കും കസ്റ്റംസ് തുടര്‍നടപടികള്‍ സ്വീകരിക്കുക.
വിദേശത്തേക്ക് 1.90 ലക്ഷം ഡോളര്‍ കറന്‍സി കടത്തിയെന്ന കേസിലാണ് ശിവശങ്കറിനെതിരെ കസ്റ്റംസ് കുരുക്ക് മുറുക്കിയതെന്നാണ് സൂചന. അനധികൃതമായി വിദേശത്തേക്ക് കറന്‍സി കടത്തിയില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് അന്വേഷണം സംഘം കണ്ടെത്തിയത്. ഡോളര്‍ കിട്ടാന്‍ ബാങ്ക് ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തിയെന്നും, സ്വപ്‌ന സുരേഷ്, സരിത് എന്നിവരും ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.