കോഴിക്കോട് : മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ അറസ്റ്റു ചെയ്ത സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കോഴിക്കോട് കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി. മുതലക്കുളത്തു നിന്നും ആരംഭിച്ച മാർച്ച് കമീഷണർ ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു.
ബി.ജെ.പി ദേശീയ നിർവ്വാഹക സമതി അംഗം പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി പദത്തിന്റെ മാന്യതയ്ക്ക് അപമാനകരമാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റെന്ന് പി.കെ കൃഷ്ണദാസ് പറഞ്ഞു.സ്വർണക്കടത്ത് കേസ്സ് ഐ.എ.സുകാരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ മുഖ്യമന്ത്രിക്കാവില്ല.പ്രവർത്തകൻമാരെ ബലിയാടാക്കുന്ന പ്രവണതയാണ് എക്കാലവും മാർക്കിസ്റ്റ് പാർട്ടി തുടരുന്നത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പാർട്ടി ആവശ്യപ്പെടണം. മുഖ്യമന്ത്രിയുടെ ഓഫീസും, വീടും, കുടുംബവുമായുള്ള മാഫിയ ബന്ധം മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസും, വീടും ദേശ വിരുദ്ധ പ്രവർത്തനത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. നാണക്കേട് പരമാവധി ഒഴിവാക്കാൻ മുഖ്യമന്ത്രി പദം ഒഴിയാൻ തയ്യാറാവണം. സ്വർണ കള്ളകടത്ത് അന്വേഷണം എ.കെ.ജി സെന്ററിൽ എത്തിയിരിക്കുകയാണ്. ചിലപ്പോൾ അത് പി.ബി വരെ എത്താൻ സാധ്യതയുണ്ടെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡണ്ട് വി.കെ സജീവൻ അധ്യക്ഷം വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി സുധീർ, ജില്ലാ ട്രഷറർ വി.കെ ജയൻ, യുവമോർച്ച ജില്ലാ പ്രസി ഡണ്ട് ടി.റെനീഷ്,ജില്ലാ സെക്രട്ടറിമാരായ രാജീവ് കുമാർ, ചക്രായുധൻ എന്നിവർ സംസാരിച്ചു.