KERALAlocaltop news

ലഹരിമുക്ത നാട്; കക്കാടിൽ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു

* നിയമത്തിലെ പഴുതുകൾ ഇല്ലാതാക്കണം

 

മുക്കം: ലഹരിയുടെ കെടുതിയിൽനിന്ന് നാടിനെയും സമൂഹത്തെയും രക്ഷിക്കാൻ ജനകീയ പ്രതിരോധവുമായി കക്കാടിലെ ലഹരിവിരുദ്ധ ജാഗ്രതാ സമിതി. കക്കാട് ഗവ. എൽ.പി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ലഹരിവിരുദ്ധ ബോധവത്കരണത്തിൽ സ്ത്രീകളും യുവാക്കളുമടക്കം നൂറുകണക്കിനാളുകൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. മനുഷ്യനെ എല്ലാ അർത്ഥത്തിലും തകർക്കുന്ന ലഹരിവസ്തുക്കളോട് നോ പറയാൻ ജനകീയ പ്രതിരോധ സംഗമം ആഹ്വാനം ചെയ്തു.

സംഗമത്തിൽ കേരള എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് മുഖ്യപ്രഭാഷണം നടത്തി. കോടഞ്ചേരി എസ്.ഐ സലീം മുട്ടാത്ത് ആമുഖ ഭാഷണം നടത്തി. വാർഡ് മെമ്പറും കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എടത്തിൽ ആമിന അധ്യക്ഷത വഹിച്ചു.
മുൻ വാർഡ് മെമ്പർ ജി അബ്ദുൽഅക്ബർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജാഗ്രതാ സമിതി ചെയർമാൻ റഫീഖ് വടക്കയിൽ സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം നസീബ് പാറക്കൽ നന്ദിയും പറഞ്ഞു.വസ്മിയ ടി സംസാരിച്ചു. ലഹരിയുടെ ഭവിഷ്യത്തുകൾ അറിഞ്ഞിട്ടും അതിനെ ഗൗരവപൂർവ്വം സമീപിച്ചില്ലെങ്കിൽ വരാനിരിക്കുന്ന തലമുറയുടെയും ഒരു നാടിന്റെ തന്നെയും ദുരന്തമായിരിക്കും അതെന്ന് സംഗമം വിലയിരുത്തി. ലഹരിക്കെതിരെ കുട്ടികളിലും വിദ്യാർത്ഥി-യുവജനങ്ങളിലും കുടുംബങ്ങളിലും വൈവിധ്യമാർന്ന ബോധവത്കരണ പരിപാടികളുമായി മുന്നോട്ടുപോകാൻ സംഗമം തീരുമാനിച്ചു. സംശയനിവാരണത്തിനും അവസരമുണ്ടായി.

ലഹരി മാഫിയയ്‌ക്കെതിരെ പൊലീസ്, എക്‌സൈസ് അധികൃതർ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുമ്പോഴും, പ്രതികൾക്ക് സഹായകരമാവുന്ന നിയമത്തിലെ പഴുതുകൾ ഇല്ലാതാക്കാൻ സർക്കാർ കർക്കശമായ നിയമപരിഷ്‌കരണത്തിന് തയ്യാറാകണമെന്ന് സംഗമത്തിൽ ആവശ്യമുയർന്നു.
തുടർച്ചയായ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലും ലഹരിമാഫിയയുടെ കുരുക്കിൽ അകപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. ഇത് ഉത്തരവാദിത്തം കൂട്ടുന്നു. രാഷ്ട്രത്തിന്റെ വളർച്ചയിൽ നിർണായക സംഭാവനകളർപ്പിക്കാൻ കഴിയുന്ന വിദ്യാർത്ഥി-യുവജനങ്ങളാണ് ലഹരി വസ്തുക്കളുടെ പിടിയിൽ അകപ്പെടുന്നവരിൽ ഏറെയും. സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർത്ഥികളെ പോലും ലഹരിമാഫിയ വശീകരിച്ച് കാരിയർമാരാക്കിയ എത്രയോ സംഭവങ്ങളുണ്ട്. ഇത് കർമോത്സുകമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിന് തടസ്സമുണ്ടാക്കും. അപകടകരമായ ഈ പോക്കിന് അറുതിയുണ്ടാവണം.

സാക്ഷരതയിലും സാംസ്‌കാരിക ഔന്നത്യത്തിലും ജീവിതനിലവാരത്തിലും വിദ്യാഭ്യാസരംഗത്തുമെല്ലാം സംസ്ഥാനം ഏറെ മുൻപന്തിയിലാണെന്ന് നാം അഭിമാനിക്കുമ്പോഴും ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണമുള്ള നാടിനെ ലഹരിയുടെ പറുദീസയാക്കാൻ അനുവദിച്ചുകൂടാ. ലഹരി മാഫിയയെ അമർച്ച ചെയ്യുന്നതോടൊപ്പം, അതിൽ അകപ്പെട്ടവരെ മോചിപ്പിക്കാനും പുതുതലമുറയെ അത്തരം തിന്മകളിൽ പെടാതെ സംരക്ഷിക്കാനുമുള്ള ബാധ്യത പൊതുസമൂഹം ഏറ്റെടുക്കണം. ഇത് ഓരോ രക്ഷിതാവും സ്വന്തം വീട്ടകങ്ങളിൽനിന്ന് തുടങ്ങണം. ബാല്യത്തിന്റെ നിറവും കൗമാരത്തിന്റെ ശോഭയും യുവത്വത്തിന്റെ ഊർജസ്വലതയും നഷ്ടപ്പെടാത്ത ഒരു തലമുറയായി പുതിയ സമൂഹത്തെ വാർത്തെടുക്കാൻ പ്രതിജ്ഞാബദ്ധരാവണമെന്നും സംഗമം ഓർമിപ്പിച്ചു.

ലഹരിക്കെതിരെ സീസണലായല്ല, സ്ഥായിയായ പ്രതിരോധ ബോധവത്കരണ സംവിധാനങ്ങളുണ്ടാവണം. നാടിന്റെയും കുടുംബങ്ങളുടെയും വിനാശത്തിന് വഴിവെക്കുന്ന ലഹരിയുടെ വഴികളിൽനിന്ന് വ്യക്തികളെ മോചിപ്പിക്കാൻ കക്ഷിരാഷ്ട്രീയത്തിന് അതീതമായി, സമൂഹമനസ്സാക്ഷിയുടെ യോജിച്ച ഇടപെടലുണ്ടാകണമെന്ന് തുടർന്നു നടന്ന എക്‌സിക്യൂട്ടീവ് യോഗം ചൂണ്ടിക്കാട്ടി. ഇതിനാവശ്യമായ വിവിധ കർമപദ്ധതികളും ചർച്ച ചെയ്തു. യോഗത്തിൽ ഫിനാൻസ് കൺവീനർ നൂറുദ്ദീൻ സനം വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ജാഗ്രത സമിതി രക്ഷാധികാരി സലീം മുട്ടാത്ത്, ജാഗ്രതാ സമിതി ചെയർമാൻ റഫീഖ് വടക്കയിൽ, വൈസ് ചെയർമാൻ കെ.സി റിയാസ്, കൺവീനർ നൗഷാദ് പാറക്കൽ, ജോ.കൺവീനർമാരായ അസീസ് തോട്ടത്തിൽ, ഷൗക്കത്ത് ഗോശാലക്കൽ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷുക്കൂർ മുട്ടാത്ത്, കെ.സി മുഹമ്മദ് മാസ്റ്റർ, ഇഖ്ബാൽ കെ.സി, നസീബലി പി, ലുഖ്മാൻ കോടിച്ചലത്ത്, റിയാസ് തോട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close