കൊച്ചി: വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പി ആര്‍ ഡി ഫാക്ട് ചെക്ക് സംഘത്തില്‍ നിന്ന് ശ്രീറാം വെങ്കിട്ടറാമിനെ ഒഴിവാക്കി. ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായ വെങ്കിട്ടറാമിനെ വകുപ്പിന്റെ പ്രതിനിധിയായാണ് പി ആര്‍ ഡി ഫാക്ട് ചെക്ക് ഡിവിഷനിലേക്ക് ഉള്‍പ്പെടുത്തിയത്.
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ സസ്‌പെന്‍ഷനിലായിരുന്നു. മാര്‍ച്ചിലാണ് കൊവിഡിന്റെ മറവില്‍ പ്രതിഷേധങ്ങളെ വകവെക്കാതെ സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തത്. കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വാര്‍ റൂമിന്റെ ചുമതലയായിരുന്നു തുടക്കത്തില്‍ നല്‍കിയത്.
അധികം കഴിയാതെ വ്യാജ വാര്‍ത്ത പരിശോധന സംഘത്തിലുമെത്തി. മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ഉദ്യോഗസ്ഥ ലോബിയുടെ പിന്‍ബലത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വ്യക്തി വ്യാജവാര്‍ത്ത പ്രതിരോധിക്കുന്ന സംഘത്തിലുള്‍പ്പെട്ടതിന്റെ യുക്തി സാമൂഹിക മാധ്യമങ്ങളടക്കം ചോദ്യം ചെയ്തിരുന്നു.