KERALAlocaltop news

കോടികൾ വിലയുള്ള കഞ്ചാവുമായി ചരക്കുലോറി ഡ്രൈവർ പിടിയിൽ

കടത്തിയത് ആന്ധ്രയിൽനിന്ന്

കോഴിക്കോട്: പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ കോടികൾ വിലയുള്ള കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. തിരൂർ സ്വദേശി പ്രദീപ് കുമാർ (42) ആണ് പിടിയിലായത്. ഒഡീഷയിലെ റായ്ഘട്ടിൽ നിന്നും നാഷനൽ പെർമിറ്റ് ലോറിയിൽ കടത്തുകയായിരുന്ന നൂറ്റി ഇരുപത് കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. കുടകിൽ നിന്നും ചെന്നൈയിലേക്ക് ഇഞ്ചിയുമായി പോയ ലോറിയാണ് കഞ്ചാവ് കടത്തുന്നതിനായി ഉപയോഗിച്ചത്. ആന്ധ്രയിലെ മാവോയിറ്റ് ശക്തികേന്ദ്രങ്ങളിൽ നിന്നും കേരളത്തിലേക്ക് കടത്തിയിരുന്ന കഞ്ചാവ് നിലവധി തവണ പോലീസ് പിടികൂടിയിരുന്നു തുടർന്ന് ഏക്കറുകണക്കിന് കഞ്ചാവ് തോട്ടം ആന്ധ്രപോലീസ് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ പോലീസ് നിരീക്ഷണം ശക്തമായതിനെതുടർന്ന് കഞ്ചാവ് വൻതോതിൽ മറ്റൊരു രഹസ്യകേന്ദ്രത്തിലാണ് സൂക്ഷിച്ചുവന്നിരുന്നത്. റായ്ഘട്ടിലെ രഹസ്യകേന്ദ്രത്തെകുറിച്ച് കോഴിക്കോട് ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ഫോഴ്സ്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പോലീസ് നടപടി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്യസംസ്ഥാനങ്ങളിൽ ചരക്ക് നീക്കം നടത്തുന്നലോറികളെ നിരീക്ഷിക്കാൻ കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സുജിത്ത്ദാസ് നാർക്കോട്ടിക് സെൽ എ.സി.പി. സുനിൽകുമാറിന് നിർദ്ദേശം നൽകിയിരുന്നു. ചരക്കുമായി അതിർത്തികടക്കുന്ന ലോറികളിൽ തിരികെ കൊണ്ടുവരുന്നത് എന്താണെന്നും അതിൽ ലോഡ് കയറ്റുന്നത് എവിടെനിന്നാണെന്നും അറിയുക എന്നത് ശ്രമകരമാണെങ്കിലും ഏറ്റെടുത്ത ദൗത്യം കൃത്യമായി നടപ്പിലാക്കി. മറ്റു സംസ്ഥാനങ്ങളുമായി വിവരശേഖരണം നടത്തുന്നതിന് കോഴിക്കോട് ജില്ലാപോലീസ്മേധാവി ഡി.ഐ.ജി എ.വി.ജോർജ് മാർഗ്ഗനിർദ്ദേശം നൽകി.
കുടകിൽ നിന്നും ചെന്നൈയിലേക്ക് ഇഞ്ചിയുമായിപോയ ലോറി ചരക്കൊന്നുമില്ലാതെ തമിഴ്നാട് അതിർത്തി കടന്നവിവരം ലഭിച്ചതിനെതുടർന്ന് പോലീസ് നിരീക്ഷണം ഊർജ്ജിതമാക്കി. കോഴിക്കോട് സ്വദേശിയാണ് ലോറിയിൽ എന്നത് കോഴിക്കോട് നാർക്കോട്ടിക് സെല്ലിന്റെ ഉത്തരവാദിത്തം വർദ്ധിപ്പിച്ചു. കുറച്ചുദിവസങ്ങളായി ലോറി ചരക്കെടുക്കാതെ കറങ്ങി നടന്നതാണ് പോലീസിന്റെ സംശയത്തിനിടയായത്. കോഴിക്കോട് സിറ്റി പോലീസ് പരിധിയിൽ പ്രവേശിക്കുന്ന എല്ലാ ചരക്ക്ലോറികളും വിശദമായി പരിശോധിക്കാൻ ജില്ലാപോലീസ് മേധാവി നിർദ്ദശം നൽകി. ഡെപ്യുട്ടി കമ്മീഷണർ എസ്. സുജിത്ത് ദാസ് വാഹനപരിശോധനയിൽ നിന്നും ഒരു വാഹനവും ഒഴിഞ്ഞുപോകാതിരിക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും പോലീസ് കൺട്രോൾ റൂമിനും ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിനും വേണ്ട നിർദ്ദേശങ്ങൾ നൽകി. നിർത്താതെ പോകുന്ന വാഹനങ്ങളെ പ്രത്യേകം നിരീക്ഷിക്കുന്നതിനായി ക്രൈം സ്ക്വാഡിനെ ചുമതലപ്പെടുത്തി.

തുടർന്ന് കർശന വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ കൃഷിചെയ്യുന്ന ശീലാബതി വിഭാഗത്തിൽ പെടുന്ന കഞ്ചാവാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്. ഡ്രൈവർ ക്യാബിനിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കാണപ്പെട്ടതെന്ന് പന്തീരാങ്കാവ് പോലീസ് പറഞ്ഞു.
വിപണിയിൽ കോടികൾ വിലമതിക്കുന്ന കഞ്ചാവാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന അതിർത്തികളിൽ വാഹനപരിശോധന കാര്യക്ഷമമായി നടക്കാത്തത് മയക്കുമരുന്ന് മാഫിയകൾക്ക് അനുകൂലസാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പന്തീരാങ്കാവ് ഇൻസ്പെക്ടർ ബിജു ജോസഫ്, എസ്.ഐ മാരായ രഞ്ജിത്ത്, അബ്ദുൾ മുനീർ, എസ്.സി.പി.ഒ ശ്രീജിത്ത്, പ്രബീഷ്, ഡ്രൈവർ സി പി.ഒ ജിതിൻ, സി പി ഒ അനീഷ് ,രഞ്ജിത്ത്
ഡൻസാഫ് അംഗങ്ങളായ എ.എസ്.ഐ മുഹമ്മദ് ഷാഫി എം, സീനിയർ സി.പി.ഒ അഖിലേഷ്.കെ., ജോമോൻ കെ എ,
ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ സജി എം, സി.പി ഒ മാരായ ശ്രീജിത്ത് പി, ഷഹീർ പി.ടി, സുമേഷ് എവി
എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close