കോഴിക്കോട്: ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെ ഓൺലൈനായി ചേർന്ന നഗരസഭ കൗൺസിൽ യോഗം ‘സമ്പൂർണ കോമഡിയായി’. അരമണിക്കൂറിനുള്ളിൽ അമ്പതിലേറെ അജണ്ടകൾ പാസാക്കിയെങ്കിലും യോഗത്തിൽ പങ്കുചേർന്ന കൗൺസിലർമാരുടെ പരസ്പ്പര സംഭാഷണങ്ങൾ പലതും ഏല്ലാവരും കേൾക്കുകയും ചിരിക്കുകയും ചെയ്തു. സൂം വഴി നടത്തിയ കൗൺസിലിൽ നെറ്റ് വർക്ക് പ്രശ്നവും പ്രതിസന്ധിയായി. യോഗം തുടങ്ങിയതാതി മേയർ തോട്ടത്തിൽ രവീന്ദ്രൻ അറിയിച്ച് അജണ്ടകളിലേക്ക് കടക്കുന്നതിനിടെ ആരോ ഒരാൾ ബിരിയാണിവേണമെന്ന ആവശ്യം ഉന്നയിച്ചു. ഇതോടെ മറ്റുപലരും ബിരിയാണിയെക്കുറിച്ചുള്ള ചർച്ച തുടങ്ങി. സദ്യയും നല്ല മീൻപൊരിച്ചതുമാണ് നല്ലതെന്നായി ഇതിനിടെ ഒരു കൗൺസിലർ. ഇതും മൊത്തത്തിൽ ചിരിപടർത്തി.
എല്ലാ കൗൺസിലർമാരും ഫോൺ മ്യൂട്ട് ചെയ്യണമെന്ന് മേയർ പറയുന്നതിനിടെയായിരുന്നു കൗൺസിലർമാരുടെ പരസ്പ്പര സംഭാഷണങ്ങൾ എല്ലാവരും കേട്ടത്. ഇതിനിടെ ഒരു കൗൺസിലർക്ക് ഫോൺ വന്നതും അവർ ഫോണിൽ സംസാരിക്കുന്നതും എല്ലാവരും കേട്ടു. പലവിധ വർത്തമാനങ്ങൾ നിറഞ്ഞതോടെ മേയർ അജണ്ട വായിക്കുന്നതും ചർച്ചചെയ്യാൻ ചിലർ ആവശ്യപ്പെടുന്നതുമൊന്നും മിക്കവരും കേട്ടില്ല. യോഗം അവസാനിക്കവെ ഒരു കൗൺസിലറോട് ഇങ്ങളെ പരിപ്പ് ഇവിടെ വേവില്ലെന്ന് പറഞ്ഞതും ആ പരിപ്പ് വേവില്ലെന്ന് നേരത്തെ അറിയാമെന്നുള്ള മറുപടിയും മൊത്തത്തിൽ ചിരിപടർത്തി. യോഗം ഓൺ ലൈനായതിനാൽ ചായ കിട്ടാതായി എന്നതായിരുന്നു ഒരു കൗൺസിലറുടെ പരാതി. ഇതും മറ്റുപലരും ഏറ്റുപിടിച്ചു. ചർച്ചകൾ നടത്താൻ താൽപര്യമില്ലാത്തതിനാൽ ഭരണപക്ഷം ഏകപക്ഷീയമായി കാര്യങ്ങൾ നടപ്പാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു