കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന് ജില്ലയിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം, വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന തുടങ്ങിയവ പൂര്‍ത്തിയായിവരുന്നു. പ്രിസൈഡിങ് ഓഫീസര്‍മാരടക്കമുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം അടുത്ത ദിവസം ആരംഭിക്കും.
ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, ഇലക്ഷന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള പരിശീലനങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 12 മുതല്‍ 18 ദിവസങ്ങളിലായി ബ്ലോക്ക് തലങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശീലനം നല്‍കിയത്. ഗസറ്റഡ് ഉദ്യോഗസ്ഥരായ 98 റിട്ടേണിങ് ഓഫീസര്‍മാര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. 98 വീതം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍മാരെയും ജീവനക്കാരെയും 89 ഇലക്ഷന്‍ അസിസ്റ്റുമാരെയും നിയോഗിച്ചിട്ടുണ്ട്. ആദ്യ ദിവസം തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ കുറിച്ചും രണ്ടാം ദിനം വോട്ടിംഗ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതുമടക്കം ഓരോ സംഘത്തിനും രണ്ടു ദിവസത്തെ പരിശീലനമാണ് നല്‍കിയത്. ഇലക്ഷന്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരായ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും മറ്റുമുള്ളവര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായിട്ടുണ്ട്.
സിവില്‍ സ്റ്റേഷനിലും പുതിയറ പഴയ താലൂക്ക് ഓഫീസിന് സമീപത്തും പ്രത്യേകം സജ്ജീകരിച്ച കേന്ദ്രങ്ങളില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി. ജനില്‍കുമാറിന്റെ മേല്‍നോട്ടത്തിലാണ് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധനകള്‍ നടക്കുന്നത്. മുന്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ബാലറ്റ്, സീല്‍ എന്നിവ മാറ്റല്‍, യന്ത്രങ്ങളുടെ പ്രവര്‍ത്തന ക്ഷമത പരിശോധന എന്നിവയാണ് നടക്കുന്നത്.
ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് തലങ്ങളില്‍ ഉപയോഗിക്കേണ്ട ‘മള്‍ട്ടി പോസ്റ്റ്’ വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനകള്‍ സിവില്‍ സ്റ്റേഷന്‍ കേന്ദ്രത്തില്‍ പൂര്‍ത്തിയായി. കോര്‍പറേഷന്‍/നഗരസഭകളിലേക്ക് ഉപയോഗിക്കേണ്ട ‘സിംഗിള്‍ പോസ്റ്റ്’ വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനയാണ് പുതിയറയിലെ പഴയ താലൂക്ക് ഓഫീസ് പരിസരത്തെ കേന്ദ്രത്തില്‍ നടക്കുന്നത്. ‘മള്‍ട്ടി പോസ്റ്റ്’ വോട്ടിംഗ് യന്ത്രങ്ങളുടെ 2,930 കണ്‍ട്രോള്‍ യൂണിറ്റും 8,790 ബാലറ്റ് യൂണിറ്റുകളും ‘സിംഗിള്‍ പോസ്റ്റ്’ യന്ത്രങ്ങളുടെ 1,000 വീതം കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകളുമാണ് ജില്ലയിലെത്തിയത്. ഹൈദരാബാദ് ആസ്ഥാനമായ ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഇന്ത്യാ ലിമിറ്റഡില്‍ നിന്നുള്ള ആറ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ 25 റവന്യൂ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് യന്ത്രങ്ങളുടെ പരിശോധന നടത്തുന്നത്.
പരിശോധന പൂര്‍ത്തിയായവയില്‍ നിന്ന് അഞ്ച് ശതമാനം യന്ത്രങ്ങള്‍ തെരഞ്ഞെടുത്ത് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ‘മോക് പോള്‍’ നടത്തും. വോട്ടു ചെയ്യുന്ന എണ്ണവും ഏത് ചിഹ്നത്തിലാണ് പതിഞ്ഞത് എന്നിവയടക്കമുള്ളതിന്റെ പ്രിന്റെടുത്തും യന്ത്രത്തില്‍ പതിഞ്ഞതും പരിശോധിച്ച് തുല്യമാണെന്ന് ഉറപ്പു വരുത്തും. ‘മള്‍ട്ടി പോസ്റ്റ്’ വോട്ടിംഗ് യന്ത്രങ്ങളുടെ മോക് പോളും പൂര്‍ത്തിയായി. യന്ത്രങ്ങളില്‍ എഞ്ചിനിയര്‍മാരും ജില്ലാ കലക്ടര്‍ക്ക് വേണ്ടി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറും ഒപ്പു വെക്കും. പരിശോധന പൂര്‍ത്തിയായ ശേഷം യന്ത്രങ്ങള്‍ സ്ട്രോംങ് റൂമുകളിലേക്ക് മാറ്റുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു.
ഒക്ടോബര്‍ 31 വരെയായിരുന്നു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന ദിവസം. നവംബര്‍ 9 വരെ ഇതിന്മേലുള്ള ‘ഹിയറിംഗ്’ നടക്കും. തുടര്‍ന്നാണ് അന്തിമ വേട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.