KERALAlocalPoliticstop news

വീട് നിർമാണം; കെ.എം ഷാജി വീണ്ടും കുരുക്കിൽ

കോഴിക്കോട്:  മുസ്ലിംലീഗ് നേതാവ് കെ.എം ഷാജി എം.എല്‍.എ കോഴിക്കോട്ട് വീട് നിര്‍മിച്ചതു സ്ഥലം കൈയേറിയാണെന്ന് കോഴിക്കോട് കോര്‍പറേഷന്‍ കണ്ടെത്തി. തൊട്ടടുത്ത പറമ്പും വഴിയുമെല്ലാം കൈയേറിയാണ് വീടുണ്ടാക്കിയതെന്നാണ് കോര്‍പറേഷന്‍ എന്‍ജിനിയറിംഗ് വിഭാഗം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് വീട് നിര്‍മാണത്തിലെ അപാകതകള്‍ പിഴയടച്ച് ക്രമീകരിക്കുന്നതിനു ഷാജി നല്‍കിയ അപേക്ഷ കോര്‍പറേഷന്‍ തള്ളി.
കോര്‍പറേഷന്‍ പ്രദേശമായ മാലൂര്‍കുന്നിലാണ് കെ.എം ഷാജിയൂടെ ഭാര്യ കെ.എച്ച്. ആശയുടെ പേരിലുള്ള മുന്നുനില വീട്്. കോര്‍പറേഷന്‍ അനുമതി നല്‍കിയതിനേക്കാള്‍ കുടുതല്‍ ഏരിയയില്‍ വീട് നിര്‍മ്മിച്ചത് അനധികൃതമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പിഴയടച്ച് ക്രമീകരണം വരുത്താന്‍ കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്രമികരണത്തിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിച്ച പ്ലാനില്‍ സംശയം തോന്നിയതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചത്. രേഖയിലുള്ളതിനേക്കാള്‍ കൂടതല്‍ സ്ഥലത്ത് വീട് നിര്‍മിച്ചതായാണ് പുതിയ കണ്ടെത്തല്‍. പ്ലാനില്‍ വഴിയായി രേഖപ്പെടുത്തിയ സ്ഥലത്തും കെട്ടിടത്തിന്റെ ഭാഗമുണ്ട്. ഇത് ആരുടെ സ്ഥലമാണെന്ന് വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനാല്‍ വീട് നിര്‍മാണം സ്ഥലം കൈയേറിയാണെന്ന നിലപാടിലാണ്  ഉദ്യോഗസ്ഥര്‍.കെട്ടിടം നിര്‍മിച്ച സ്ഥലത്തിന്റെ രേഖകള്‍ കുടി സമര്‍പ്പിച്ചാല്‍ മാത്രമേ പെര്‍മിറ്റ് നല്‍കൂ. പ്ലാന്‍ വരച്ചതിലും അപാകതയുണ്ട്. യഥാര്‍ഥ കെട്ടിടത്തിന്റെ പ്ലാനല്ല സമര്‍പ്പിച്ചിട്ടുള്ളതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ക്രമപ്പെടുത്തല്‍ അപേക്ഷ തള്ളിക്കൊണ്ടുള്ള നോട്ടീസ് കോര്‍പറേഷന്‍ അധികതര്‍ ഷാജിക്കു നല്‍കിയിട്ടുണ്ട്.
3200 ചതുരശ്ര അടിയില്‍ ഇരു നില വീട് നിര്‍മിക്കുന്നതിനാണ്  ഷാജിക്ക് കോര്‍പറേഷന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ 5260 ചതുരശ്ര അടിയില്‍ മൂന്നുനില വീടാണ് നിര്‍മിച്ചത്. ചട്ടം ലംഘിച്ച് നിര്‍മിച്ച വീട് പൊളിച്ചുമാറ്റാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ ഷാജിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പുതുക്കിയ പ്ലാന്‍ നല്‍കാനും 1,38,590 രൂപ പിഴയായി അടയ്ക്കാനും കോര്‍പറേഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് അദ്ദേഹം പ്ലാന്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ പിഴത്തുക അടച്ചിരുന്നില്ല.വീടിന്റെ പെര്‍മിറ്റിന്റെ കാലവധി 2016-ല്‍ അവസാനിച്ചുവെങ്കിലും പുതുക്കിയിരുന്നില്ല. കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയോ ഒക്യൂപെന്‍സി സര്‍ട്ടിഫിക്കറ്റും കെട്ടിട നമ്പറും അനുവദിക്കുകയോ ചെയ്തിട്ടില്ല.
കണ്ണൂര്‍ അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിനു കെ.എം. ഷാജി കൈക്കൂലി വാങ്ങിയതായുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ വീടുകളൂടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കുന്നതിനു കോഴിക്കോട് കോര്‍പറേഷനോടും ചിറക്കല്‍ പഞ്ചായത്ത് സെക്രട്ടറിയോടും ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. ചിറക്കല്‍ മണലില്‍ പ്രദേശത്ത് ഷാജി നിര്‍മിച്ച വീടിന് 28 ലക്ഷം രുപ ചെലവുവരുമെന്നാണ് ചിറക്കല്‍ പഞ്ചായത്ത് സെക്രട്ടറി ഇ.ഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. കോഴിക്കോട്ടെ വീടിന് 1.62 കോടി വില മതിക്കുമെന്ന് കോഴിക്കോട് കോര്‍പറേഷനും ഇ.ഡിയെ അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close