കോഴിക്കോട് :മത്സ്യ ലഭ്യത ഏറെയുള്ള പ്രദേശമാണ് ബേപ്പൂർ. അതു കൊണ്ട് തന്നെ ഭക്ഷ്യ യോഗ്യമായ മത്സ്യം വളർത്തൽ ഇവിടങ്ങളിൽ അത്ര പ്രചാരവുമില്ല. ലോക്ക് ഡൗണിൽ ഉദിച്ച ആശയമാണ് ഈ നൂറ്മേനി വിളവിൽ എത്തിച്ചത്.
ബേപ്പൂർ കിഴക്കും പാടത്തെ ഒരു പറ്റം ചങ്ങാതിമാർ ചേർന്ന് രൂപീകരിച്ചതാണ് ദീപം സ്വാശ്രയ സംഘം.പഠനവും കളിയുമൊക്കെയായി കഴിഞ്ഞ കാലത്തെ ഓർത്തെടുക്കാനും ഒരുമിച്ചിരിക്കാനുമായി കിഴക്കുംപാടത്ത് മൂന്ന് സെന്റ് സ്ഥലം വാങ്ങി. ഇവിടെ പ്രത്യേകം സജ്ജമാക്കിയ കുളത്തിലാണ് ശുദ്ധ ജല മത്സ്യകൃഷി ആരംഭിച്ചത്.പാലക്കാട് മംഗലം ഡാമിൽ നിന്നും 800 ഗിഫ്റ്റ് പിലാപ്പിയ കുഞ്ഞുങ്ങളെ കൊണ്ടുവന്നു. 6 മാസം കൊണ്ട് ഓരോന്നും 250 ഗ്രാമിലധികം തൂക്കമായി.കൂട്ടായ്മയുടെ കരുത്തും കൃത്യമായ പരിപാലനവുമൊക്കെയായപ്പോൾ മികച്ച വിളവ് തന്നെ ലഭിച്ചു. ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ പുറത്തിറങ്ങാതെ ഇരിക്കുമ്പോൾ സ്വയം ശാക്തീകരണത്തോടൊപ്പം സാമ്പത്തികത്തിനും മത്സ്യകൃഷി ഗുണകരമാകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകയാണ് ഈ സംരംഭത്തിലേക്ക് ഇറങ്ങാൻ കാരണമായതെന്ന് ദീപം സ്വാശ്രയ സംഘം ചെയർമാൻ ഷൈജു ചെറുവലത്ത് പറഞ്ഞു.
മത്സ്യകൃഷി വിളവെടുപ്പ് സ്ഥലം എം.എൽ.എ വി.കെ.സി മമ്മദ് കോയ നിർവ്വഹിച്ചു. കൗൺസലർ നെല്ലിക്കോട് സതീഷ് കുമാർ ആദ്യ വില്പന നടത്തി. കിഴക്കുംപാടം റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് എടത്തൊടി ഉണ്ണി വില്പന സ്വീകരിച്ചു. കൗൺസിലർ ഗിരിജ ടീച്ചർ, ഷൈജു ചെറുവലത്ത്, ശശിധരൻ മേക്കുന്നത്ത്, വിനോദ് പാറയിൽ എന്നിവർ സംബന്ധിച്ചു.