കോഴിക്കോട്: പുഴയില്‍ നങ്കൂരമിട്ട മത്സ്യബന്ധന ബോട്ട് പാചക വാതകം ചോര്‍ന്നുണ്ടായ തീപിടുത്തത്തില്‍ കത്തിനശിച്ചു. കരുവന്‍തിരുത്തി തയ്യില്‍ അക്ബറിന്റെ പേരിലുള്ള ഹാസ്‌കോ ബോട്ടാണ് ചാലിയം തീരത്ത് ആളിക്കത്തിയത്.
കഴിഞ്ഞ ദിവസം മത്സ്യബന്ധനം കഴിഞ്ഞു ബോട്ട് കാക്കാതിരുത്തിക്ക് സമീപം നിര്‍ത്തിയിട്ടതായിരുന്നു. വൈകുന്നേരം വീണ്ടും കടലില്‍ പോകാനായി ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് വാതകം ചോര്‍ന്നത്. ചോര്‍ന്ന വാതകത്തിന് തീ പിടിക്കുകയും നല്ല കാറ്റുള്ള സമയമായതിനാല്‍ ആളിക്കത്തുകയും ചെയ്തു. സമീപത്തെ മറ്റു ബോട്ടുകളും വള്ളങ്ങളും കുതിച്ചെത്തി. തീരദേശ പൊലിസും ഒരു മണിക്കൂറോളം ശ്രമം നടത്തിയാണ് തീയണച്ചത്.
കാബിന്‍,വല, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഇരുമ്പു കയറുകള്‍, ,38000 രൂപ തുടങ്ങിയവയൊല്ലാം കത്തിചാമ്പലായി. എട്ട് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. തീ പിടിക്കുന്ന സമയത്ത് പാചക ജോലിയിലേര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളി വെള്ളത്തിലേക്ക് ചാടി നീന്തി രക്ഷപ്പെട്ടു.