KERALAlocaltop news

തടവുകാര്‍ ഹാപ്പി ; മയക്കി കിടത്താന്‍ ജയില്‍ ജീവനക്കാരന്‍ ഠ പുകയില ഉത്പന്നങ്ങള്‍ വിറ്റ ജീവനക്കാരനെ സഹപ്രവര്‍ത്തകര്‍ പൊക്കി

സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടായിട്ടും നടപടി വൈകുന്നു

 

കെ.ഷിന്റുലാല്‍

കോഴിക്കോട് : പുകയില ഉത്പന്നങ്ങളുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ തടവുകാര്‍ക്ക് എത്തിച്ചു നല്‍കാന്‍ ജയില്‍ ജീവനക്കാര്‍. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പുകയില ഉത്പന്നങ്ങള്‍ വിറ്റ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിന് തൊട്ടുപിന്നാലെ കോഴിക്കോട് ജില്ലാ ജയിലിലും സമാനസംഭവത്തില്‍ ജയില്‍ ജീവനക്കാരനെ, സഹജീവനക്കാര്‍ പൊക്കി. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസ(ഡിപിഒ)റെയാണ് മറ്റു ജീവനക്കാര്‍ പിടികൂടിയത്. അതേസമയം സംഭവം നടന്ന് മൂന്നാഴ്ചയായിട്ടും ഡിപിഒക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ല.
ജില്ലാ ജയിലില്‍ രാത്രി ഡ്യൂട്ടിക്കിടെയാണ് ഡിപിഒ പുകയില ഉത്പന്നങ്ങള്‍ ജയിലിലെ ഒരു ഭാഗത്ത് ഒളിപ്പിച്ചു വച്ചത്. അടുത്ത ദിവസം രാവിലെ തടവുകാരന്‍ ഇതെടുക്കുന്നതിനിടെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡിപിഒയുടെ പങ്ക് വ്യക്തമായി. സിസിടിവി ദൃശ്യങ്ങളിലുള്‍പ്പെടെ ഡിപിഒക്കെതിരേ തെളിവുകളുണ്ട്. എന്നാല്‍ ഇതുവരേയും നടപടി സ്വീകരിച്ചിട്ടില്ല. തവനൂര്‍ ജയിലില്‍ നിന്ന് നടപടികളുടെ ഭാഗമായാണ് ഡിപിഒയെ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയത്.

മദ്യവും മയക്കുമരുന്നും പുകയില വസ്തുക്കളും പുറമെ നിന്നും എത്തുന്നത് തടയാന്‍ ജയിലില്‍ കര്‍ശന പരിശോധന നടത്തുന്നതിനിടെയാണ് ജീവനക്കാരില്‍ ചിലര്‍ ഇവ വിറ്റഴിക്കുന്നത്. വിപണി വിലയേക്കാള്‍ ഇരട്ടിയിലേറെ നല്‍കിയാണ് തടവുകാര്‍ ഇത്തരം വസ്തുക്കള്‍ ജീവനക്കാരില്‍ നിന്ന് വാങ്ങുന്നത്. ഇപ്രകാരം വാങ്ങുന്ന വസ്തുക്കള്‍ അതിലും കൂടുതല്‍ വിലയ്ക്ക് തടവുകാര്‍ക്കിടയില്‍ വില്‍ക്കുന്ന സംഭവവും ഉണ്ടാവാറുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഒരു കെട്ട് ബീഡിയ്ക്ക് 1000 രൂപവരെ ഈടാക്കാറുണ്ടെന്നാണ് ജീവനക്കാര്‍ക്ക് ലഭിച്ച വിവരം. വിയ്യൂരില്‍ 100 രൂപയുടെ ബീഡി 2500 രൂപയ്ക്കായിരുന്നു ജയിലിലെ മുന്‍ പ്രിസണ്‍ ഓഫീസര്‍ അജുമോന്‍ വിറ്റത്. തടവുകാരുടെ വീട്ടുകാര്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ജീവനക്കാരന്‍ ആവശ്യപ്പെടുന്ന മൊബൈലിലേക്ക് ഗൂഗിള്‍പേ ചെയ്യുകയും തുടര്‍ന്ന് ജയിലിലെ നിശ്ചിത സ്ഥലത്ത് ഇവ രഹസ്യമായി ഒളിപ്പിക്കുകയുമാണ് ചെയ്യുന്നത്. നേരിട്ടുള്ള കൈമാറ്റത്തിലൂടെ പിടിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ജയിലിലെ തന്നെ നേരത്തെ പറഞ്ഞുറപ്പിച്ച നിശ്ചിത സ്ഥലത്ത് ഒളിപ്പിച്ചു വയ്ക്കുന്നത്. മദ്യവും ഇതേ രീതിയില്‍ ജയിലുകള്‍ക്കുള്ളില്‍ വിറ്റഴിക്കുന്നുണ്ട്. നിലവില്‍ ജീവനക്കാര്‍ക്കിടിയിലുള്ള ഒറ്റുകാരെ കണ്ടെത്തുകയെന്നത് വെല്ലുവിളിയായി മാറുകയാണ്.

റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടതായി
ഡിഐജി

കോഴിക്കോട് ജില്ലാ ജയിലിലെ ജീവനക്കാരനെതിരേയുള്ള ആരോപണത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉത്തരമേഖലാ ജയില്‍ ഡിഐജി സുനില്‍കുമാര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് ജയില്‍ സൂപ്രണ്ട് അന്വേഷിക്കുന്നുണ്ട്. ആരോപണ വിധേയനായ ജീവനക്കാരന്റെ വിശദീകരണം കൂടി ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ഡിഐജിയ്ക്ക് ഉടന്‍ സമര്‍പ്പിക്കുമെന്നും ജയില്‍ സൂപ്രണ്ട് ബൈജു അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close