KERALAlocaltop news

തലമുറ മറന്ന ഭക്ഷ്യക്ഷാമം; ഓർമച്ചെപ്പ് തുറന്ന് വയനാട് സ്പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി

കൽപറ്റ:   പുതു തലമുറയ്ക്ക് പങ്കുവയ്ക്കാൻ  പഴയ കാലത്തെ ഭക്ഷ്യ ക്ഷാമത്തിന്റെ ഓർമച്ചെപ്പ് തുറന്ന്    .പോലീസ് ഓഫീസർ .  കണ്ണൂർ വിജിലൻസ്         ഡി വൈ എസ് പി യും  എഴുത്തുകാരനുമായ ബാബു  പെരിങ്ങേത്ത് ഫേസ്ബി ബുക്കിൽ പകർത്തിയ കുറിപ്പ് യുവതലമുറയ്ക്ക് കൗതുകമായി.                                                                                                                                      “വയനാട് SSB DySP യും പ്രിയ സുഹൃത്തുമായ ശ്രി. TN സജീവ് (9400670595)എഴുതിയ ഓർമ്മകുറിപ്പുകളിൽ മുങ്ങി നിവരുമ്പോൾ ഇതെല്ലാം ഹൃദയം തൊട്ടെഴുതിയ കുറിപ്പുകൾ തന്നെയാണ് എന്ന് പറയേണ്ടിവരും.
കരുത്തിന്റെയും സൗന്ദര്യത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും പടികൾ കടന്നുവരുന്ന ഈ കുറിപ്പുകൾ അതിജീവനത്തിന്റെ നേർച്ചിത്രങ്ങൾ കൂടിയാണ് എന്ന് നിശ്ശബ്ദമായി പറയുന്നു.
ഈ ഓർമ്മകളിലേക്കാണ് ജീവിതത്തിന്റെ വേരുകൾ ഇറങ്ങിപ്പോകുന്നത്. അദ്ദേഹത്തിന്റെ ഓർമ്മകുറിപ്പുകളുടെ ഒരു കഷ്ണം നിങ്ങൾക്കായി പങ്കുവെക്കുന്നു.
ഒഴുകിപ്പോകുന്ന ഈ ഓർമ്മകളുടെ അവസാന രണ്ടുവരികൾ ഈ കുറിപ്പുകളെ കവിതയുടെ കരയിലേക്ക് വലിച്ചെടുപ്പിക്കുന്നുണ്ട് എന്ന് പറയാൻ ഞാൻ ധൈര്യപ്പെടും……

****************************************
അതി ഭയങ്കരമായ ഭക്ഷ്യ ക്ഷാമം ഉള്ള കാലമായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം.. അതിനെ മറികടക്കാൻ ഞങ്ങളുടെ നാട്ടിലെ മുതിർന്നവർ കൃഷിയിടത്തിലെ മരങ്ങൾ എല്ലാം മുറിച്ചു മാറ്റി. മണ്ണ് കിളച്ചൊരുക്കി തട്ടുകളായി തിരിച്ചു വരമ്പുകൾ ഉണ്ടാക്കി.. മലയിടുക്കിലെ കണ്ണീരുറവകളെ വെട്ടിതിരിച്ചു പറമ്പിലേക്ക് കൊണ്ടുവന്നു. അങ്ങിനെ പറമ്പ് നെൽകൃഷിക്ക് പരുവപ്പെടുത്തിയെടുത്തു.. കണ്ടം എന്നാണ് ഞങ്ങൾ അതിനെ വിളിച്ചിരുന്നത്..
കണ്ടത്തിൽ നെൽച്ചെടികൾ കതിരിട്ടു തുടങ്ങുന്നതോടെ അത് രുചിക്കാൻ ആറ്റക്കിളികൾ കൂട്ടത്തോടെയെത്തും.. അവറ്റകളെ തുരത്തി ഓടിക്കുന്ന ജോലി ഞങ്ങൾ കുട്ടികൾക്കാണ്.
ആറ്റക്കിളികൾ നൂറു കണക്കിന് ഉള്ള കൂട്ടങ്ങളായി ആണ് എത്തുക.. ആകാശത്തു കൂടി ഒന്ന് വട്ടമിട്ടു പറന്നശേഷം മീൻപിടിത്തക്കാർ വല വീശുന്നത് പോലെ നെൽച്ചെടികളിലേക്കു അമർന്നിറങ്ങും..
ഞാനും കുഞ്ഞിരാമനുമാണ് ആറ്റയെ ഓടിക്കാൻ ഇരിക്കുക . കുഞ്ഞിരാമൻ എന്റെ സഹപാഠി ആണ്.
കണ്ടത്തിന്റെ അതിർ തീർക്കുന്ന തെങ്ങുകൾക്കു ചുവട്ടിൽ ചെറിയ കുഴികൾ ഉണ്ടാക്കി ഞങ്ങൾ ഗോട്ടി കളിക്കും..നല്ല ഗോട്ടികളിക്കാരൻ ആണ് കുഞ്ഞിരാമൻ. എന്നാലും ഇടക്കൊക്കെ എനിക്ക് തോറ്റു തരും..
കണ്ടത്തിനു നടുവിലായി ഒരു കുറ്റി അടിച്ചു അതിൽ ഒരു പാട്ട കെട്ടിയിട്ടിരിക്കും അതിനുള്ളിൽ ചെറിയ കമ്പുകളോ കല്ലുകളോ കെട്ടി ആ ചരടിന്റെ അറ്റം ഞങ്ങൾ ഇരിക്കുന്ന തെങ്ങിൽ കെട്ടിയിട്ടിരിക്കും ഗോട്ടികളിക്കിടെ ആ ചരട് പിടിച്ചു വലിച്ചു പാട്ടയിൽ ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കും.
അക്കൊല്ലം കൊയ്ത്തിനു മുമ്പേ വീട്ടിലുള്ള അരി തീർന്നു പോയിരുന്നു.. മൂന്നു ദിവസമായി കപ്പ തന്നെ പുഴുങ്ങിത്തിന്നു മടുത്തിരുന്നു.
കാലത്ത് തന്നെ തുടങ്ങിയ കൊയ്ത്ത് വൈകിട്ടു നാലുമണിയോടെ ആണ് കഴിഞ്ഞത്. അടുത്തുള്ള മറിയക്കുട്ടിചേട്ടത്തിയും മക്കളും ഒക്കെ കൊയ്ത്തിനുണ്ട് ഞങ്ങൾ കുട്ടികൾ മുതിർന്നവർ കൊയ്തു വെച്ച കറ്റ ചുമന്നു കളത്തിൽ കൊണ്ടിടാൻ സഹായിച്ചു.. ഇനി പിറ്റേദിവസമേ കറ്റ അടിച്ചു മെതിക്കുകയുള്ളു.
അവസാനത്തെ കെട്ട് കറ്റയും കളത്തിലെത്തിച്ചു അമ്മ ഒരു നിമിഷം നിവർന്നു നിന്നു.. കാലത്ത് മുതൽ ആയാസപ്പെട്ട് കുനിഞ്ഞു നിൽക്കുന്നതാണ്.
മറിയക്കുട്ടി ചേട്ടത്തിയും മക്കളും നാളെ വരാം എന്ന് പറഞ്ഞു പോയി..
അമ്മ വേഗം മൂന്നുനാലു കറ്റ എടുത്ത് കല്ലിൽ അടിച്ചു അതിലെ നെല്ലെടുത്തു മുറത്തിലിട്ട് പാറ്റി പൊടി കളഞ്ഞു.. അടുപ്പിൽ തീ കത്തിച്ചു നെല്ല് ചട്ടിയിലിട്ട് ചെറുതായി വറുത്തു. ചൂടാറുന്നതിനു മുറത്തിലിട്ട് ഉയർത്തി പാറ്റി.. മര ഉരലിൽ ഇട്ട് ആ നെല്ല് കുത്തി അരിയാക്കി തവിടും ഉമിയും കളഞ്ഞു. അരി കുറച്ചൊക്കെ നുറുങ്ങിപ്പോയി എങ്കിലും അത് പെട്ടെന്ന് തന്നെ കഴുകി മൺകലത്തിൽ അടുപ്പത്തു വെച്ചു അമ്മ..
അരി കലത്തിൽ കിടന്നു തിളയ്ക്കുന്നത് ഞാൻ വെറുതെ നോക്കി നിന്നു..
ഇതിനിടെ അമ്മ വാഴയ്ക്ക അരിഞ്ഞു തോരൻ വെച്ചു…
പാകമായ കഞ്ഞി അമ്മ പാത്രത്തിലേക്ക് വിളമ്പി.
ചൂട് കഞ്ഞിയും വാഴയ്ക്ക തോരനും.. ഞാൻ എന്റെ ജീവിതത്തിൽ കഴിച്ച ഏറ്റവും രുചികരമായ ഭക്ഷണം ആയിരുന്നു അത്..
ഞാൻ കഞ്ഞി പ്ലാവിലയിൽ കോരി കുടിക്കുന്നത് നോക്കി അമ്മ എന്റെ അരികിൽ ഇരുന്നു.. ഇടയ്ക്കിടെ എന്റെ മുടിയിൽ തലോടുന്നുണ്ടായിരുന്നു…
അമ്മയുടെ മുഖത്തേക്ക് വെറുതെ നോക്കി. ആ കണ്ണുകൾ നിറഞ്ഞുവോ??
ഞാൻ കഞ്ഞികുടിക്കുമ്പോൾ നിറയുന്നത് അമ്മയുടെ വയറാണെന്ന് എനിക്ക് തോന്നി..
ഞാൻ അമ്മയുടെ ദേഹത്തേക്ക് ചാഞ്ഞിരുന്നു..
എന്തൊരു സുഗന്ധമാണ് അമ്മയുടെ വിയർപ്പിന്…..!!!!
— ടി എൻ സജീവ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close