തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മാധ്യമപ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് സൗകര്യം അനുവദിക്കണമെന്ന ആവശ്യവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നിവേധനം നല്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ആത്മാര്‍ഥമായി അധ്വാനിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ സമ്മതി ദാനാവകാശം നഷ്ടപ്പെട്ടു പോകാതിരിക്കാനും കമ്മീഷന് നടപടികള്‍ സ്വീകരിക്കണം. തെരെഞ്ഞെടുപ്പ് വിവരങ്ങള്‍ കൃത്യമായി ജനങ്ങളിലെത്തിക്കേണ്ടതുള്ളതിനാല്‍ മിക്കവര്‍ക്കും അവധിയെടുത്ത് സ്വന്തം ബൂത്തില്‍ പോയി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ്. കോവിഡ് സാഹചര്യത്തില്‍ ദീര്ഘയാത്രകള് സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്നങ്ങളും വെല്ലുവിളിയാണെന്ന് യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ പി റജി, ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷ് എന്നിവര്‍ പറഞ്ഞു.