localtop news

വെള്ളയില്‍ ഹാര്‍ബര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ; പ്രത്യക്ഷമായി 10,000 പേര്‍ക്കും പരോക്ഷമായി ഒരു ലക്ഷം പേര്‍ക്കും തൊഴില്‍ ലഭിക്കും – മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: വെള്ളയില്‍ ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമായതോടെ പ്രത്യക്ഷമായി 10,000 പേര്‍ക്കും പരോക്ഷമായി ഒരു ലക്ഷം പേര്‍ക്കും തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെള്ളയില്‍ മത്സ്യബന്ധന തുറമുഖം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 600 ടണ്‍ അധിക മത്സ്യോപാദനം ഇവിടെ ഉണ്ടാവും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗിച്ചാണ് വെള്ളയില്‍ മത്സ്യബന്ധന തുറമുഖം നിര്‍മ്മിച്ചത്. 75 കോടിയോളം രൂപ ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇതില്‍ 17.5 കോടി കേന്ദ്ര വിഹിതമാണ്. ജില്ലയിലെ വെള്ളയില്‍, പുതിയകടവ്, കാമ്പുറം എന്നീ മത്സ്യബന്ധന ഗ്രാമങ്ങളിലെ തൊഴിലാളികള്‍ക്ക് തികച്ചും ഉപകാരപ്രദമായ പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.തീരദേശ മേഖലയുടെ സമഗ്രവികസനത്തിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശ പശ്ചാത്തലസൗകര്യ വികസന പ്രവര്‍ത്തനങ്ങളില്‍ മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മ്മാണം, പാരമ്പര്യേതര രീതിയിലുളള തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, തീരദേശ റോഡുകളുടെ നിര്‍മ്മാണം തുടങ്ങി വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അധ്യക്ഷത വഹിച്ചു. ഹാര്‍ബറില്‍ പുറമേ നിന്നുള്ള മത്സ്യവില്‍പന നടക്കില്ലെന്നും വെള്ളയില്‍ ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യം മാത്രമേ ഇനി മുതല്‍ വില്‍ക്കാന്‍ സാധിക്കുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു. ഇടനിലക്കാര്‍ക്ക് ഹാര്‍ബറുകളില്‍ തൊഴിലാളികളെ കൊള്ള ചെയ്യാന്‍ ഇനി മുതല്‍ സാധിക്കില്ല അതിനുള്ള നിയമപരിരക്ഷ തൊഴിലാളികള്‍ക്ക് ഉറപ്പാക്കി. ഹാര്‍ബറുകളില്‍ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റികള്‍ നിശ്ചയിക്കുന്ന വില ലാന്റിംഗ് സെന്ററുകളില്‍ നിലവില്‍ വന്നു. കൂടാതെ ഓപ്ഷനിംഗ് ക്വാളിറ്റി കണ്‍ട്രോള്‍ നിയമം മുഖേന കടലില്‍ പോയി വരുന്ന തൊഴിലാളികള്‍ക്ക് തുടക്കം കിട്ടുന്ന വില അവസാനം വരെ ലഭിക്കുന്ന ചരിത്രപരമായ മാറ്റമാണ് സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കിയതെന്ന് മന്ത്രി പറഞ്ഞു. വെള്ളയില്‍ ഹാര്‍ബറില്‍ ഈ ആഴ്ച തന്നെ ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റി നിലവില്‍ വരാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. തീരദേശ മേഖലയില്‍ മത്സ്യ തൊഴിലാളികള്‍ നേരിടുന്ന ചൂഷണങ്ങള്‍ പരിഹരിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമമായി ഇടപെടാന്‍ സര്‍ക്കാരിന് സാധിച്ചതായി മന്ത്രി പറഞ്ഞു.

തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, എം.കെ രാഘവന്‍ എംപി, എ പ്രദീപ് കുമാര്‍ എംഎല്‍എ, മേയര്‍ ബീന ഫിലിപ്പ് എം എന്നിവര്‍ മുഖ്യാതിഥികളായി. കൗണ്‍സിലര്‍ സി.പി സുലൈമാന്‍, ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ ലത സി.എ, ചീഫ് എഞ്ചിനീയര്‍ കൃഷ്ണന്‍ ബി.റ്റി.വി, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കുഞ്ഞിമമ്മു പറമ്പത്ത്, കെഎസ്സിഎഡിസി ചീഫ് എഞ്ചിനീയര്‍ എംഎ അന്‍സാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close