കോഴിക്കോട്: ടര്‍ഫ് മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ എല്ലാ സഹായങ്ങളും തേടി ടര്‍ഫ് ഓണേഴ്സ് അസോസിയേഷന്. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളില്‍ വരുമാനം പൂര്‍ണമായും നിലച്ച ടര്‍ഫ് മേഖലയില്‍ ജോലിയെടുക്കുന്നവരെ അധികാരികള്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന് കോഴിക്കോട് ജില്ലാ ടര്‍ഫ് ഓണേഴ്സ് അസോസിയേഷന് വാര്‍ഷിക ജനറല്‍ ബോഡി ആവശ്യപ്പെട്ടു. പലരും ബാങ്ക് ലോണ്‍ എടുത്താണ് ടര്‍ഫിനായി ലക്ഷങ്ങള്‍ ചെലവഴിച്ചത്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ടര്‍ഫിലെ കളികളും നിയന്ത്രിക്കപ്പെട്ടപ്പോള് വരുമാനം പൂര്‍ണമായും നിലച്ചു. ടര്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന നൂറ് കണക്കിന് കുടുംബങ്ങള്‍ പട്ടിണിയിലുമായി. ടര്‍ഫുകളുടെ വാടക ഏകീകരിക്കാനും തീരുമാനിച്ചു. കളിക്കാരെ ആകര്‍ഷിക്കാന്‍ ലക്കി ഡിപ്പ് മല്‍സര പരിപാടികള്‍ക്കും രൂപം നല്കി. അര്‍ജന്റീനയുടെ ഇതിഹാസ താരം ഡിയാഗോ മറഡോണയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രമുഖ കളിയെഴുത്തുകാരന് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് എം.കെ രാജേഷ് അധ്യക്ഷത വഹിച്ചു. കലണ്ടര്‍ പ്രകാശനം കെ. മോയിന്‍കുട്ടി നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഏ.കെ മുഹമ്മദലി, സിദ്ദിഖ് പുറായില്‍, കുട്ടിമോന്‍, മഠത്തില്‍ കരീം ഹാജി, കമറുദ്ദീന് ഒളവണ്ണ, ഷാജഹാന് തിരുവമ്പാടി സംസാരിച്ചു.