കോഴിക്കോട് : കഴിഞ്ഞ നാലു മാസത്തോളമായി കോഴിക്കോട് നഗരത്തിലെയും സമീപ പ്രദേശങ്ങളിലും ബൈക്കിലെത്തി സ്ത്രീകളുടെ മാലകൾ പിടിച്ചുപറി നടത്തിയ സംഘത്തെ കോഴിക്കോട് സിറ്റി പോലീസ് ഡപ്യൂട്ടി കമ്മീഷണർ സുജിത്ത് ദാസിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് പോലീസ് ഇൻസ്പെക്ടർ എൻ.ബിശ്വാസും ചേർന്ന് പിടിക്കൂടി.നൂറോളം മോഷണകേസുകളിൽ പ്രതിയായ ഫറോക്ക് പുറ്റേക്കാട് സ്വദേശി അബ്ദുൾ സലാം എന്ന പുറ്റേക്കാട് സലാം ( 35 വയസ്സ്) കൊടുങ്ങല്ലൂർ കുറ്റിക്കാട്ടിൽ വീട്ടിൽ ഷമീർ (21 വയസ്സ്) അന്തർ സംസ്ഥാന കുറ്റവാളിയായ ചാലക്കുടി ആതിരപ്പള്ളി വെറ്റിലപ്പാറ സ്വദേശി അസിൻ ജോസ് (33 വയസ്സ്) എന്നിവരാണ് പോലീസ് പിടിയിലായത്.
നാലഞ്ചു മാസങ്ങളായി നഗരത്തിൽ മോഷണങ്ങളും പിടിച്ചുപറികളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോഴിക്കോട് സിറ്റി പോലീസ് ചീഫ് ഡി.ഐ.ജി എ വി ജോർജ്ജിൻ്റെ നിർദ്ദേശപ്രകാരം നോർത്ത് അസിസ്റ്റൻ്റ് കമ്മീഷണർ കെ.അഷ്റഫിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.
അന്വേഷണത്തിൻ്റെ തുടക്കത്തിൽ തന്നെ പിടിച്ചുപറി നടത്തിയ സ്ഥലങ്ങളിലെ ഏറ്റവും അടുത്തുള്ള സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ എല്ലാ പിടിച്ചുപറികളും നടത്തിയത് ഒരേ സംഘങ്ങളാളെന്ന് മനസ്സിലാക്കിയ പോലീസ് ഇവർ മോഷണത്തിനു പയോഗിച്ച വാഹനത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മിക്കവാറും കേസുകളിൽ പഴയ മോഡൽ ഹീറോ ഹോണ്ട സ്പ്ലെണ്ടർ, പൾസർ ബൈക്കുമാണെന്ന് മനസ്സിലായി. തുടർന്ന് കോഴിക്കോടും അയൽ ജില്ലകളിലും മോഷണം പോയതും അല്ലാത്തതുമായ വാഹനങ്ങളെ കേന്ദ്രീകരിച്ചും ഇത്തരം വാഹനങ്ങളിൽ സമാന രീതിയിലുള്ള കുറ്റകൃത്യം നടത്തിയവരെ കുറിച്ചും സമാന രീതിയിലുള്ള കുറ്റകൃത്യം നടത്തുന്ന ജയിൽ മോചിതരായ പ്രതികളെ കുറിച്ചുള്ള ഡാറ്റകൾ ശേഖരിച്ചും അന്വേഷണമാരംഭിച്ചു.
ഇരുനൂറിലധികം മുൻകുറ്റവാളികളെയും അവരുടെ സമീപ കാലത്തെ ജീവിതരീതികളെ കുറിച്ചും നേരിട്ടും അല്ലാതെയും ശാസ്ത്രീയമായ രീതിയിലും അന്വേഷണം നടത്തിയതിൽ അന്വേഷണ സംഘം അബ്ദുൾ സലാമിലേക്ക് എത്തിച്ചേരുകയും ഇയാളെ നിരീക്ഷിച്ചു വരികയുമായിരുന്നു.
സലാമിൻ്റെ സമീപകാല പ്രവൃത്തികൾ രഹസ്യമായി പിന്തുടർന്ന പോലീസ് ജയിൽ മോചിതനായ ശേഷം വ്യത്യസ്ത ജില്ലകളിൽ മാറി മാറി വാടക വീട്ടിൽ താമസിച്ചെന്ന് കണ്ടെത്തുകയും സലാമിൻ്റെ നിഴലായി പിൻതുടർന്ന് തേഞ്ഞിപ്പാലം യൂണിവേഴ്സിറ്റിക്കടുത്ത് വെച്ച് ബലപ്രയോഗത്തിലൂടെ സാഹസികമായി പിടികൂടുകയായിരുന്നു.
തുടർന്ന് പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ മാല പൊട്ടിക്കാൻ പിൻസീറ്റിൽ ഉണ്ടായിരുന്നത് എർണാകുളത്ത് ഭണ്ഡാര മോഷണക്കേസുകളിൽ ജയിലിൽ കഴിഞ്ഞിട്ടുള്ള കൊടുങ്ങല്ലൂർ സ്വദേശി ഷമീർ ആണെന്ന് മനസ്സിലാക്കുകയും പോലീസ് ഇയാളെ കോഴിക്കോട് എയർപോർട്ടിനടുത്തുള്ള സലാമിൻ്റെ വാടകവീട്ടിൽ വെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് ബൈക്ക് മോഷണത്തിനും സ്വർണ്ണം വിറ്റു നൽകുന്നതിനും സൗകര്യം ചെയ്തു കൊടുത്ത ചാലക്കുടി സ്വദേശി അസിൻ ജോസിനെ രഹസ്യമായി പിന്തുടർന്ന് ആതിര പള്ളിയിൽ നിന്നും പിടികൂടി കോഴിക്കോട് എത്തിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പന്തിരങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ കുന്നത്ത് പാലത്ത് നിന്ന് സ്ത്രീയുടെ കഴുത്തിൽ നിന്ന് പിടിച്ചുപറിച്ച എഴര പവൻ സ്വർണ്ണമാലയും,
മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട അരയിടത്ത് പാലം, മോർച്ചറി റോഡ് എന്നിവടങ്ങളിൽ നിന്നും കൂടാതെ നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ബിലാത്തിക്കുളം, തിരുത്തിയാട്, എരഞ്ഞിപ്പാലം,ജാഫർ ഖാൻ കോളനി,സഹകരണ ഹോസ്പിറ്റലിൻ്റെ പാർക്കിംഗ് ഇടവഴി
എന്നിവടങ്ങളിൽ നിന്നും എലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട അത്താണിക്കൽ ഭാഗത്തു നിന്നും മാല പൊട്ടിച്ചത് തങ്ങളാണെന്നു ഇവർ പോലീസിനോട് സമ്മതിച്ചു. കോഴിക്കോട് നഗരത്തിലും സമീപപ്രദേശത്തിലും നടന്ന മിക്കവാറും എല്ലാ മാല പൊട്ടിക്കൽ കേസുകളിലും തുമ്പുണ്ടായെന്ന് നോർത്ത് അസിസ്റ്റൻ്റ് കമ്മീഷണർ കെ അഷ്റഫ് പറഞ്ഞു.
കൂടാതെ വളാഞ്ചേരി എടപ്പാൾ ഭാഗത്ത് നിന്നും രണ്ട് മിനി ലോറികൾ മോഷ്ടിച്ചതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
നടക്കാവ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ മാരായ എസ്.ബി കൈലാസ് നാഥ്, വി ദിനേശൻ കുമാർ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഓ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ, എം ഷാലു ഷഹീർ പെരുമണ്ണ,എ വി സുമേഷ്,ശ്രീജിത്ത് പടിയാ ത്ത്, എം മുഹമ്മദ് ഷാഫി എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു
മോഷണ രീതി
…………………………….
വിയ്യൂർ ജയിലിൽ നിന്ന് പരിചയപ്പെട്ട മോഷണ കേസ് പ്രതികളായ അസിൻ ജോസ്, ഷമീർ എന്നിവർ ജയിൽ മോചിതരായ ശേഷം സലാം തന്റെ സംഘത്തിലേക്ക് ഉൾപ്പെടുത്തുകയായിരുന്നുപിന്നീട് സലാം മൂന്ന് ജില്ലകളിലായി താമസ സൗകര്യമൊരുക്കി മോഷണത്തിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു.
ഇതിനിടെ മാല പൊട്ടിക്കാനുള്ള ബൈക്കുകൾ അസിൻ ജോസിൻ്റെ സഹായത്തോടെ സലാം മോഷണത്തിലൂടെ കൈവശ പ്പെടുത്തുകയുണ്ടായി.
തുർന്ന് മാല പൊട്ടിക്കുന്ന ദിവസം മുൻകൂട്ടി തിരുമാനിച്ച് ഷമീറിനേയും കൂട്ടി കോഴിക്കോടും മറ്റും വന്ന് മാല പൊട്ടിച്ച് പോവുകയായിരുന്നു പതിവ് രീതി. മാല പൊട്ടിച്ച ശേഷം നേരിട്ട് താമസസ്ഥലത്തേക്ക് പോകാതെ അഞ്ചാറ് കിലോമീറ്റർ ദൂരെയുള്ള കാട്ടിലും മറ്റുമാണ് ബൈക്ക് ഒളിപ്പിച്ച് വെക്കാറാണ് പതിവ്.സ്ഥിരമായി മാല പൊട്ടിക്കുമ്പോൾ പോലീസ് പിന്തുടരുന്നത് ഒഴിവാക്കാൻ മോട്ടോർ സൈക്കിൾ മാറ്റുന്ന രീതിയും ഇവർക്കുണ്ട്. ഇത് കൂടാതെ തങ്ങളെ തിരിച്ചറിയാതിരിക്കാൻ വണ്ടി ഓടിക്കുന്ന സലാം ഹെൽമറ്റും മാസ്ക്കും ധരിച്ചും പിന്നിലിരിക്കുന്നയാൾ തൊപ്പി മാറി മാറി തല ഭാഗം മുഴുവൻ മറക്കുന്ന രീതിയിലുമാണ് ഉപയോഗിക്കാറുള്ളത്.
ക്ഷേത്രത്തിൽ പോവുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്നതിനായി കറുപ്പ് മുണ്ടും വെള്ള തോർത്തുമുണ്ടും കഴുത്തിൽ ചുറ്റി
സ്വാമിമാർ എന്ന വ്യാജേനയും ക്ഷേത്രപരിസരങ്ങളിൽ കറങ്ങി നടന്നും മാല പൊട്ടിക്കാറുണ്ട്.
പോലീസ് പിടിക്കാതിരി ക്കാൻ വേണ്ടി ഫോൺ ഉപയോഗിക്കാതെയാണ് ഇവർ കൃത്യത്തിൽ ഏർപ്പെടുന്നത്.എന്നാൽ അന്വേഷണ സംഘം വളരെ ആസൂത്രിതമായാണ് ഇവരെ പിടിയിലാക്കിയത്.