കോഴിക്കോട് : വോട്ട് ചെയ്ത് വീട്ടിലെ ത്തിയശേഷം കുഴഞ്ഞ് വീണ് മരിച്ച തിരുവമ്പാടിസ്വദേശിനി ലിനിയുടെ (44 വയസ്സ്) അവയവങ്ങള്‍ സ്വീകരിച്ചുകൊണ്ട് അഞ്ച് പേര്‍ പുതിയ ജീവിതത്തിലേക്ക് തിരികെ വന്നു. പതിനാലാം തിയ്യതി വോട്ട് ചെയ്ത് വീട്ടിലെത്തിയ ശേഷമാണ് ലിനറ്റ് കുഴഞ്ഞ് വീണത് . തലച്ചോറില്‍ രക്തസ്രാവമുണ്ടായിരുന്നതായിരുന്നു ലിനറ്റിന്റെ രോഗം. ആദ്യം നാട്ടിലുള്ള ആശുപത്രിയില്‍ കാണിച്ച ശേഷം ഗുരുതരാവസ്ഥയിലായതിനാല്‍ കോഴിക്കോട് മിംസിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അതീവ ഗുരുതരാവസ്ഥയിലായിരുന്ന ലിനറ്റിനെ 15ാം തിയ്യതി വൈകീട്ടോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
മരണപ്പെടുമ്പോള്‍ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന ലിനറ്റിന്റെ നേരത്തെയുള്ള ആഗ്രഹത്തെ മകന്‍ ലിയോജും ഭര്‍ത്താവ് ഭാരത് ഗ്യാസ് ജീവനക്കാരനായ ജോണ്‍സണും ഓര്‍മ്മിക്കുകയും ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരുമായി പങ്കുവെക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അവയവദാനത്തിനുള്ള സാഹചര്യം ഉരുത്തിരിഞ്ഞ് വന്നത്. മിംസ് അധികൃതര്‍ അവയവദാന രജിസ്‌ട്രേഷനുള്ള സര്‍ക്കാര്‍ സംവിധാനമായ മൃതസഞ്ജീവനിയുടെ അധികൃതരുമായി ബന്ധപ്പെടുകയും പെട്ടെന്ന് തന്നെ കാര്യങ്ങള്‍ പുരോഗമിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ കൂടിയായതോടെ നിയമപരമായ തടസ്സങ്ങളെല്ലാം പെട്ടെന്ന് തന്നെ മറികടന്നു.
തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ലിനറ്റിന്റെ ഒരു വൃക്കയും ലിവറും ആസ്റ്റര്‍ മിംസിലെ രോഗികള്‍ക്ക് നല്‍കുവാനും ഒരു വൃക്കയും രണ്ട് കോര്‍ണിയയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് നല്‍കുവാനും തീരുമാനമെടുത്തു. രാത്രി 10 മണിയോടെ ആസ്റ്റര്‍ മിംസില്‍ ആരംഭിച്ച സര്‍ജറികള്‍ 16ാം തിയ്യതി രാവിലെ 9 മണിയോടെ പൂര്‍ത്തീകരിച്ചു. ആസ്റ്റര്‍ മിംസില്‍ നിന്ന് അവയവങ്ങള്‍ സ്വീകരിച്ച രണ്ട് പേരുടെയും സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചതായി മിംസ് അധികൃതര്‍ പറഞ്ഞു.
ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം സര്‍ജന്മാരായ ഡോ. സജീഷ് സഹദേവന്‍, ഡോ. നൗഷിഫ്, ഡോ. അഭിഷേക് രാജന്‍, ഡോ. സീതാലക്ഷ്മി, യൂറോളജിവിഭാഗം സര്‍ജന്മാരായ ഡോ. രവികുമാര്‍, ഡോ. അഭയ് ആനന്ദ്, ഡോ. സുര്‍ദാസ് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. അനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ടീം, നെഫ്രോളജി വിഭാഗം മേധാവി ഡോ. സജിത്ത് നാരായണന്റെ നേതൃത്വത്തിലുള്ള ടീം, അനസ്‌തേഷ്യവിഭാഗം മേധാവി ഡോ. കിഷോര്‍ കുമാറും ട്രാന്‍സ്പ്ലാന്റ് അനസ്തറ്റിസ്റ്റ് ഡോ. രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമുമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചത്. ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍ ശ്രീമതി അന്‍ഫി മിജോ കോര്‍ഡിനേഷന്‍ നിര്‍വ്വഹിച്ചു.