കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടെ അബ്ദുൾ റഹ്മാൻ ഔഫിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരം അബ്ദുറഹ്മാൻ ഔഫിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് പ്രസ്ഥാനം കൊലപാതകത്തിന് അനുകൂലമല്ല. രണ്ട് വർഷം മുമ്പേ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രമേയം ഉയർത്തി സംസ്ഥാന തലത്തിൽ സന്ദേശ യാത്ര നടത്തിയത് തങ്ങൾ ഓർമ്മിപ്പിച്ചു. ഈ കൊലപാതകത്തിൽ മുസ്ലിം ലീഗ് ഖേദം പ്രകടിപ്പിക്കുകയാണ്.പ്രതികളെ സംരക്ഷിക്കുന്ന നിലപാട് ഒരിക്കലും ലീഗ് സ്വീകരിക്കുകയില്ല. ഇരകളുടെ കുടുബത്തിന്റെ പ്രയാസങ്ങൾ കൃത്യമായി അറിയുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. താനൂർ അഞ്ചുടിയിലെ മുസ്ലിം ലീഗ് പ്രവർത്തകൻ ഇസ്ഹാഖ്ന്റെ കൊലപാതകവും തുടർ കാര്യങ്ങളും ആത്മസംയമനം പാലിച്ചതും ഫണ്ട് സമാഹരണം നടത്തി ഇസ്ഹാഖ്ന്റെ കുടുംബത്തിന് വീട് വെച്ച് കൊടുത്തതും തങ്ങൾ സൂചിപ്പിച്ചു.
പ്രതികളെ സംരക്ഷിക്കുന്ന പാരമ്പര്യം മുസ്ലിം ലീഗിനില്ല. കേരളത്തിലെ പൊതു ഖജനാവിൽ നിന്നും തുക ചിലവാക്കി കൊലപാതക കേസുകൾ നടത്തി പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സമീപകാലത്ത് കേരളം കണ്ടതാണ്. അത്തരം നിലപാടുകൾ ലീഗിന്റെ നയമല്ല. കുടുംബത്തിന്റെ വേദനയിൽ പങ്ക് ചേരുന്നെന്നും തങ്ങൾ കൂട്ടിച്ചേർത്തു.