കോഴിക്കോട്: കോർപറേഷന്‍റെ 27ാമത്തെ മേയറായി ഡോ.ബീന ഫിലിപ്പും ഡപ്യൂട്ടി മേയറായി സി.പി.മുസാഫിർ അഹമ്മദും ചുമതലയേറ്റു. തിങ്കളാഴ്ച കൗൺസിൽ ഹാളിൽ വരണാധികാരി ജില്ല കലക്ടർ എസ്.സാംബശിവ റാവുവിന്‍റെ നേതൃത്വത്തിലാണ് കോഴിക്കോടിന്‍റെ അഞ്ചാമത്തെ വനിത മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുത്തത്. ബീന ഫിലിപ്പ് കോഴിക്കോടിന്‍റെ നാലാമത്തെ വനിതാ മേയറാണ്. പ്രെഫ. എ.കെ.പ്രേമജം രണ്ട് തവണമേയറായിരുന്നു. എൽ.ഡി.എഫിലെ സി.പി.എം മേയർ സ്ഥാനാർഥി ഡോ. ബീന ഫിലിപിന് 49 ഉം യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥി കെ.സി.ശോഭിതക്ക് 18 ഉം എൻ.ഡി.എയിലെ ബി.ജെ.പി സ്ഥാനാർഥി നവ്യ ഹരിദാസിന് ആറും വോട്ട് കിട്ടി.
75 അംഗ കൗൺസിലിൽ എൽ.ഡി.എഫിന് 51 ഉം, യു.ഡി.എഫിന് 18 ഉം, എൻ.ഡി.എക്ക് ഏഴുമാണ് അംഗ സംഖ്യയെങ്കിലും ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കുക കൂടി ചെയ്ത ബി.ജെ.പിയംഗത്തിന് കോവിഡ് രോഗബാധ കാരണം പങ്കെടുക്കാനാവത്തതിനാൽ 74 വോട്ടുകളാണ് പോൾ ചെയ്തത്. എൽ.ഡി.എഫിൽ നിന്ന് ഒരു വോട്ട് അസാധുവാകുകയും ഒരു വോട്ട് യുുഡിഎഫിലെ കെ.സി ശോഭിതയ്ക്ക് മാറി ചെയ്യുകയും ചെയ്തു. അബദ്ധത്തിൽ സംഭവിച്ചതാണെന്ന് വോട്ട് മാറ്റി ചെയ്ത സി.പി.എം കൗൺസിലർ അറിയിച്ചു. എന്നാൽ ഡപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ സി.പി.എം സ്ഥാനാർഥി മുസാഫർ അഹമ്മദിന് 74 ൽ 51 വോട്ട് തന്നെ കിട്ടി. യു.ഡി.എഫ് മുസ്ലിം ലീഗ് സ്വതന്ത്രയായ ഡപ്യൂട്ടി മേയർ സ്ഥാനാർഥി കെ.നിർമലക്ക് 17 ഉം എൻ.ഡി.എയുടെ ബി.ജെ.പി സ്ഥാനാർഥി ടി.റിനീഷിന് ആറും വോട്ട് കിട്ടി. റിനീഷിന് കോവിഡ് പൊസിറ്റീവായതിനാൽ അദ്ദേഹത്തിന്‍റെ അഭാവത്തിൽ സമ്മത പത്രം വായിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന് ശേഷം 12.30ന് മേയർ കലക്ടർ മുമ്പാകെയും ഉച്ചക്ക് ശേഷം മൂന്നിന് ഡെപ്യൂട്ടി മേയർ, മേയർക്ക് മുമ്പാകെയും പ്രതിജ്ഞ ചൊല്ലി.