localtop news

സുഗന്ധവിളകളുടെ വേനൽക്കാല സംരക്ഷണം  എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചു

കോഴിക്കോട്: ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഓഫ് ഹോർട്ടികൾച്ചറുമായി ചേർന്ന് സുഗന്ധവിള കർഷകർക്കായി  ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിച്ചു. സുഗന്ധവിളകളുടെ വേനൽക്കാല കൃഷി രീതികളെയും സംരക്ഷണത്തെയും കുറിച്ച് സുഗന്ധവിള കർഷകരെ ബോധവത്കരിക്കുന്നതിനാണ് പരിശീലനം നടത്തിയത്.
തിങ്കളാഴ്ച  നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി രണ്ട് സെഷനുകൾ നടത്തി. ‘സുഗന്ധവിളകളുടെ വേനൽക്കാല പരിചരണം എന്ന സെഷനിൽ സുഗന്ധവ്യഞ്ജന കൃഷി രീതികൾ, വേനൽക്കാലത്തെ വളപ്രയോഗം ജലസേചനം, തോട്ടത്തിന്റെ ശുചിത്വ പരിപാലനം, എന്നീ  വിഷയങ്ങളെ കുറിച്ച് സുഗന്ധവിളഗവേഷണ കേന്ദ്രത്തിലെ സീനിയർ ശാസ്ത്രജ്ഞനായ ഡോ. ബിജു സി എൻ കർഷകരുമായി സംവദിച്ചു.
ഫാമുകളിൽ ശരിയായ കാർഷിക അവശിഷ്ട പരിപാലന സംവിധാനം ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സെഷനിൽ പ്രതിപാദിച്ചു. വിളകളുടെ അവശിഷ്ടങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നത് മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുന്നതിനും വിളകൾക്ക് ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും കർഷകരെ സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
രണ്ടാമത്തെ സെഷനിൽ “കുറ്റിക്കുരുമുളക് : സംരക്ഷണവും പരിപാലനമുറകളും ” എന്നവിഷയത്തെകുറിച്ചു പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിലെ സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ് ഡോ. കെ എം പ്രകാശ്,  ക്‌ളാസെടുത്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം കർഷകർ പരിപാടിയിൽ പങ്കെടുത്തു.
റെക്കോർഡുചെയ്‌ത പ്രോഗ്രാംസുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ  യൂട്യൂബ് ചാനലിൽ ലഭ്യമാകുമെന്നതിനാൽ തത്സമയ പരിശീലനത്തിൽ പങ്കെടുക്കാത്തവർക്ക് പോലും സെഷനിൽ നിന്ന് പ്രയോജനം നേടാനാകുമെന്ന് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം  ഡയറക്ടർ ഡോ. സന്തോഷ് ജെ ഈപ്പൻ പറഞ്ഞു. വേനൽക്കാലത്തെ നേരിടാൻ വിളകളെ  തയ്യാറാക്കാൻ ഓൺലൈൻ സെഷൻ കർഷകർക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close