KERALAlocaltop news

സംസ്ഥാനത്ത് കോസ്മെറ്റോളജി ട്രേഡ് ഉള്ള ഏക ഐ.ടി.ഐ കോഴിക്കോട്; ടി. ചാറ്റിന്റെ ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്ണൻ നിർവ്വഹിച്ചു.

കോഴിക്കോട്: സംസ്ഥാനത്ത് കോസ്‌മെറ്റോളജി ട്രേഡ് ഉള്ള ഏക ഐടിഐയായി ജില്ലയിലെ മാളിക്കടവ് ഗവ.വനിത ഐടിഐ മാറി. ഐടിഐ യില്‍ ആരംഭിക്കുന്ന ടി- ചാം ബ്യൂട്ടി സൊലൂഷന്‍സ് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഐടിഐ വിദ്യാര്‍ഥികളുടെ നൈപുണ്യശേഷിയും തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനപ്രകാരം ഐടിഐകളില്‍ ഉല്‍പ്പാദന- വിപണന -സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മാളിക്കടവ് ഗവ.വനിത ഐടിഐയില്‍ വ്യാവസായിക പരിശീലന വകുപ്പ് ബ്യൂട്ടി സൊലൂഷന്‍സ് പ്രൊഡക്ഷന്‍ സെന്റര്‍ ആരംഭിച്ചത്.

ട്രേഡുകള്‍ അനുസരിച്ചും പ്രദേശികമായ സാധ്യതകള്‍ കണക്കിലെടുത്തും ഘട്ടം ഘട്ടമായി സംസ്ഥാനത്തെ എല്ലാ ഐടിഐ കളിലേക്കും പ്രൊഡക്ഷന്‍ സെന്ററുകള്‍ വ്യാപിപ്പിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. ടി – ചാം ബ്യൂട്ടി സൊലൂഷന്‍സ് പ്രൊഡക്ഷന്‍ സെന്റര്‍ ഉദ്ഘാടനം വനിത ഐടിഐ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു വഴി സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടി ഐ കളെ സൂഷ്മ – ചെറുകിട -ഇടത്തരം സംരംഭകത്വ രംഗത്തെ മഹത്തായ സാന്നിധ്യമാക്കി മാറ്റും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശികമായ ബന്ധം ഊട്ടിയുറപ്പിച്ച് വികസന പ്രക്രിയയില്‍ എല്ലാ ഐടിഐ വിദ്യാര്‍ഥികളെയും പങ്കാളികളാക്കും.
വനിത ഐടിഐ യില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു . 17 പുതിയ സര്‍ക്കാര്‍ ഐടിഐ കള്‍ ആരംഭിച്ചു കഴിഞ്ഞു. നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി അഞ്ച് പുതിയ ഐടിഐ കള്‍ കൂടി പണി പൂര്‍ത്തിയായി ഉദ്ഘാടന സജ്ജമായിട്ടുണ്ട്. എല്ലാവിധ ആധുനിക സൗകര്യങ്ങളും സര്‍ക്കാര്‍ ഐടിഐ കള്‍ക്ക് ഇന്ന് ഉണ്ട്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഐടിഐ കളെ ഉയര്‍ത്താന്‍ നടപടി പുരോഗമിക്കുകയാണ്. കേരളത്തില്‍ കോസ്‌മെറ്റോളജി ട്രേഡ് ഉള്ള ഏക ഐടിഐ ആണ് കോഴിക്കോട്ടുള്ളത്. പഠനത്തോടൊപ്പം തൊഴില്‍ എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി അത്യാധുനിക സൗകര്യങ്ങളോടെയാണ് കോഴിക്കോട് വനിതാ ഐടിഐയില്‍ ടി-ചാം എന്ന പേരില്‍ ബ്യൂട്ടി സൊല്യൂഷന്‍സ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഒരേ സമയം നാലുപേര്‍ക്ക് ഇവിടെ സേവനം ലഭ്യമാകും. സ്‌കിന്‍ ട്രീറ്റ്‌മെന്റ്, ത്രീ ഡി ബ്രൈഡല്‍ മേക്കപ്പ്, ഹെയര്‍ കട്ട് ,പെഡിക്യൂര്‍ ,മാനിക്യൂര്‍ ,ഹെയര്‍ സ്പാ സൗകര്യങ്ങള്‍ ലഭ്യമാണ്. അത്യാധുനിക സൗകര്യണളോടെയാണ് ടി – ചാം ബ്യൂട്ടി സൊല്യൂഷന്‍സ് പ്രവര്‍ത്തിക്കുന്നത്. ബ്യൂട്ടി ക്ലിനിക്കുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ടി- ചാമില്‍ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.

വ്യാവസായിക പരിശീലനവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐടിഐകളില്‍ ട്രെയിനികള്‍ക്ക് പരിശീലനത്തോടൊപ്പം തൊഴില്‍ പ്രവര്‍ത്തിപരിചയവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊഡക്ഷന്‍ സെന്റര്‍ ആരംഭിച്ചത്. ഐടിഐകളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികളും അധ്യാപകരും ഉല്‍പ്പാദന-വിതരണ-സേവനമേഖലകളിലക്ക് ഇറങ്ങുന്നത്. വിദ്യാര്‍ഥികളുടെ സംരംഭകത്വശേഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. അരീക്കോട് ഗവ. ഐടിഐയില്‍ ഫര്‍ണീച്ചര്‍ നിര്‍മ്മാണം, കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ ബേക്കറി ഉല്‍പ്പന്നങ്ങള്‍, സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് നിര്‍മ്മാണയൂണിറ്റ് എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ എ.പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി. വ്യാവസായിക പരിശീലന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ശിവശങ്കരന്‍ കെ.പി, ഇന്‍സ്പക്ടര്‍ ഓഫ് ട്രെയിനിംഗ് നോര്‍ത്തേണ്‍ റീജിയന്‍ സി.രവികുമാര്‍, വ്യാവസായിക പരിശീലന വകുപ്പ് ട്രെയിനിംഗ് ഡയറക്ടര്‍ എസ്.ചന്ദ്രശേഖര്‍, വി.കെ.സി പോളിമേര്‍സ് എംഡി അബ്ദുള്‍ റഷീദ് വി, പ്രിന്‍സിപ്പാള്‍ അബ്ദുള്‍ ലത്തീഫ് പി, ട്രെയിനീസ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ അഞ്ജു ടി.വി. തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close