കോഴിക്കോട്: കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്ര ഗവണ്മെന്റ് കൊണ്ട് വന്ന തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകളും, കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നു മര്‍ക്കന്റയില്‍ എംപ്ലോയീസ് അസോസിയേഷന്‍ ( ഐ എന്‍ ടി യു സി ) 74-ാമത് ദക്ഷിണ മേഖല സംസ്ഥാന കൗണ്‍സില്‍ സമ്മേളനം ആവശ്യപ്പെട്ടു. പാര്‍ലിമെന്റിലോ, തൊഴിലാളി, കര്‍ഷക സംഘടനകളോടോ ചര്‍ച്ച ചെയ്യാതെ നടപ്പാക്കിയ നിയമങ്ങള്‍ അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ച സമ്മേളനം കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു. തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് കഴിഞ്ഞ ആറു വര്‍ഷമായി വിളിച്ചു ചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാത്തത്തില്‍ സമ്മേളനം പ്രതിഷേധിച്ചു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ വര്‍ധിപ്പിക്കാനുള്ള കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി ഡോ. എം.പി. പത്മനാഭന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒ.എം. വസന്തകുമാര്‍ (എംഇഎ വൈസ് ചെയര്‍മാന്‍) അധ്യക്ഷത വഹിച്ചു. എം.കെ. ബീരാന്‍ (ഐഎന്‍ടിയുസി ദേശീയ പ്രവര്‍ത്തക സമിതിം അംഗം) മുഖ്യ പ്രഭാഷണം നടത്തി. കെ. ഹരീന്ദ്രന്‍ (സാലറീസ് എംപ്ലോയിസ് ഫെഡറേഷന്‍ ദേശീയ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി), അഡ്വ. എ.വി. രാജീവ്, എം.പി. രാമകൃഷ്ണന്‍, കെ. പത്മകുമാര്‍, വിദ്യാധര്‍, പി. അനില്‍ ബാബു, വി.കെ.എന്‍. നായര്‍, ചെറിയാന്‍ തോട്ടുങ്ങല്‍, കെ.ബി. ശിവദാസ്, കെ. ജിജീഷ്, കെ.എം. ബബിത എന്നിവര്‍ പ്രസംഗിച്ചു.