KERALAlocaltop news

ഹലോ മിസ്റ്റർ ഡിജിപി – പന്തീരാങ്കാവ് ഇൻസ്പക്ടർ ചെയ്ത തെറ്റെന്ത്? സോഷ്യൽ മീഡിയയിൽ വൈറലായി മുൻ പോലീസുകാരൻ്റെ കുറിപ്പ്

കോഴിക്കോട് പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ   പന്തീരാങ്കാവ്  ഇൻസ്പെക്ടറെ  സസ്പെൻ്റ് ചെയ്ത ഡിജിപിയുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ ചോദ്യംചെയ്ത് മുൻ സേനാംഗത്തിൻ്റെ കുറിപ്പ് വൈറലായി.  കുറിപ്പ് താഴെ –                                                      പ്രിയപ്പെട്ട ഡിജിപി , സുപ്രീം കോടതി          നിർദ്ദേശവും അങ്ങയുടെ സർക്കുലറും പാലിച്ച പന്തിരാങ്കാവ് ഇൻസ്പെക്ടറെ എന്തിനാണ് സസ്പെൻഡ് ചെയ്തത് !!?*
‘മനസിലാവുന്നില്ല അതുകൊണ്ട് ചോദിച്ചതാണ്…

പോലീസ് സേന നിർജീവമാകണമെന്നാണോ അങ്ങുൾപ്പെടെയുള്ളവർ ആഗ്രഹിക്കുന്നത്!!?
മനസ്സിലാകുന്നില്ല ഡി ജി പി നിങ്ങളുടെയൊക്കെ ഉദ്ദേശമെന്താണെന്ന്!!
പോലീസ് സ്റ്റേഷനിൽ നിത്യവും നടക്കുന്ന കാര്യങ്ങൾ ,അവരുടെ സാഹചര്യങ്ങൾ താങ്കളുൾപ്പെടെയുള്ള മേലുദ്യോഗസ്ഥർ ദയവായി പഠിക്കണം മനസ്സിലാക്കണം..
പരിശീലന കാലത്ത് രണ്ടോ മൂന്നോ മാസം സ്റ്റേഷൻ ചുമതല വഹിച്ചതിന് ശേഷം പിന്നിട് പോലീസ് സ്റ്റേഷനിൽ നടക്കുന്ന കാര്യങ്ങൾ, പോലിസുകാരനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എന്തെങ്കിലും താങ്കളുൾപ്പെടുന്ന മേലുദ്ദോഗസ്ഥർ അറിയുന്നുണ്ടോ..!!
പോലീസുകാരെ ഭയപ്പെടുത്താനും, അവർക്കെതിരെ വകുപ്പ് തല നടപടികൾ സ്വീകരിക്കാനും, അവരെ ശിക്ഷിക്കാനും, അവർ പിടിക്കുന്ന കേസുകളുടെ പേരിൽ പ്രശസ്തിയുടെ പങ്ക് പറ്റാനുമല്ലാതെ അവരുമായി മേലുദ്യോഗസ്ഥർക്ക് എന്ത് ബന്ധമാണുള്ളത്…
സാട്ടയെന്ന പീഡനനത്തിൽ തുടങ്ങും ഒരു SHOയുടെ ഒരു ദിവസം.. അതിൻ്റെ പ്രതിഫലനം താഴെയുള്ള പോലീസുകാരും അനുഭവിക്കണം.
കോടതിയും പോലീസും തമ്മിലുള്ള ബന്ധമെന്നാണെന്നറിയാൻ കോടതി നൽകുന്ന സമ്മർദ്ദങ്ങൾ എന്താണെന്നറിയാൻ …,നിങ്ങൾ മേലുദ്ദോഗസ്ഥർ എപ്പഴെങ്കിലും കോടതി കയറിയിട്ടുണ്ടോ..?
ഒരു സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പുറമെയാണ് മേലുദ്യോഗസ്ഥരുടെ പിഡനവും, ഈഗോയും മനസ്സ് തകർക്കുന്ന വാക്കുകളും, അപ്രതീക്ഷിത സ്ഥലം മാറ്റവും,, പിന്നെ സർവ്വസാധാരണമായ സസ്പെൻഷനും,,
പോലിസുകാരുടെ ഒരു ഭാഗ്യം എന്താണെന്ന് വച്ചാൽ അവർക്ക് വേണ്ടി ഘോര ഘോരം വാദിക്കാനും നിലകൊള്ളാനും താങ്ങായി നിൽക്കാനും ,പോലീസുകാർ ആത്മഹത്യ ചെയ്താൽ റീത്ത് വയ്ക്കാനും, പിരിവ് നടത്താനും സംഘടനകൾ ഉണ്ടെന്നുള്ളതാണ്… മികച്ച പ്രവർത്തനമാണ് പോലീസുകാരുടെ സംഘടനകൾ നടത്തുന്നത് , ഒരു വീട്ടിൽ ഒരു വിധവ എന്ന പദ്ധതി വളരെ വേഗം നടപ്പിലാക്കുന്നുണ്ടെന്നുള്ളത് പ്രശംസിനിയമാണ്…
ഒരു ഉദ്യോഗസ്ഥനോട് നീരസം തോന്നിയാൽ അവൻ്റെ പതിനാറ് അടിയന്തിരം കൂടാതെ ഉറക്കം വരില്ല ചില പോലീസ് സർവ്വീസസിലെ ഉദ്യോഗസ്ഥർക്ക്.

ആ പാവപ്പെട്ട ഉദ്യേഗസ്ഥർ ഊണും ഉറക്കവുമൊഴിച്ച് പണിയെടുത്ത് റിസൽട്ടുണ്ടാക്കിയതിൻ്റെ കണക്ക് കാണിച്ചാണ് നിങ്ങളിൽ പലരും പ്രശസ്തരാകുന്നതും സർക്കാരിന് പ്രിയപ്പെട്ടവരാകുന്നതും,

മനസ്സ് മരവിച്ചാണ് ഇന്ന് ഈ പാവം പോലീസുകാർ SHOമാരുൾപ്പെടെ ജോലി ചെയ്യുന്നത്

മിസ്റ്റർ ഡി ജി പി
ആത്മഹത്യക്ക് പരിഹാരമായി നിങ്ങൾ നിർദ്ദേശിക്കുന്ന യോഗയും കൗൺസിലിങ്ങും താഴെ തട്ടിലുള്ള അവർക്കല്ല നൽകേണ്ടത് മുകളിലുള്ളവർക്കാണ് … ധാർഷ്ട്യവും ഇഗോയും പകയും ഫ്യൂഡൽ മനോഭാവവും എല്ലാം മാറ്റാൻ അവർക്ക് യോഗയും കൗൺസിലിങ്ങും ഉപകരിച്ചാൽ ഒരു പക്ഷെ പോലീസിലെ അത്മഹത്യ നിരക്ക് കുറയ്ക്കാൻ ഉപകരിക്കും…

ഒരു പോലീസ് ഉദ്യേഗസ്ഥനെ സസ്പെൻഡ് ചെയ്യും മുമ്പ് അദ്ദേഹത്തിൻ്റെ ഭാഗം കേൾക്കുക എന്ന സാമാന്യ നീതി പോലും നടപ്പാക്കാത്ത പോലീസ്
ഡിപ്പാർട്ട്മെൻ്റ് എങ്ങിനെ ജനങ്ങൾക്ക് നീതി നൽകും,,,
തങ്ങൾക്ക് കിട്ടാത്ത നീതി, സംരക്ഷണം, മനുഷ്യാവകാശം എങ്ങിനെ ഒരു പോലീസുകാരൻ ജനങ്ങൾക്ക് നൽകും…
വല്ലാത്ത ഒരു അവസ്ഥയാണ് ഡിയർ ഡി ജി പി പോലീസുകാരനുഭവിക്കുന്നത്..
പോലീസിലെ കൊഴിഞ്ഞ് പോക്കും അത്മഹത്യയും എന്ന വിഷയം നാളെ നമ്മുടെ നാട്ടിൽ ആരെങ്കിലും ഗവേഷണ വിഷയമാക്കി Phd വരെ എടുക്കാൻ സാധ്യതയുണ്ട്
ഈ വിഷയം പഠിക്കാൻ ജില്ലകൾ തോറും കമ്മറ്റികൾ രുപികരിക്കുന്നതറിഞ്ഞു, എന്തിനാണ് ഒരു കമ്മറ്റി.. ദന്തഗോപുരങ്ങളിൽ നിന്നും വിശാല മനസ്സോടെ ഒന്ന് പുറത്തിറങ്ങി അല്പം ദയയോടെ പെരുമാറിയാൽ മനസിലാകും കടലോളം കണ്ണീർ കണ്ണീലൊളിപ്പിച്ച കാക്കിയിട്ടവരുടെ മനസ്സ്…
ഒന്ന് കരയാൻ പോലും കഴിയാതെ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കണമെന്ന് ‘ചിന്തിക്കാത്ത ഒരാളുപോലും ഇന്ന് സേനയിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല..
സേനയിലെ പ്രവർത്തനം വല്ലാതെ രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കുന്നു ഡിയർ ഡിജിപി
തങ്ങൾക്ക് അനഭിമതരായവരെ നശിപ്പിക്കുകയെന്ന പോളിസി ഏറ്റെടുത്തിരിക്കുന്നു പോലീസിലെ ഉന്നതരും നേതാക്കന്മാരും,, അവർ ഒത്ത് ചേരുമ്പോൾ മരണമല്ലാതെ മാർഗ്ഗമില്ലെന്ന് ചിന്തിച്ചു പോകുന്നു സേന..
ഓർക്കണം ഇതൊരു സേനയാണ്… ഒരു സംസ്ഥാനത്തിൻ്റെ ഒരു നാടിൻ്റെ ജനങ്ങളുടെ ജീവനും സ്വത്തിനു സംരക്ഷണം നൽകേണ്ട സേന
ആ സേനയാണ് ഇന്ന് ഒരു മുഴം കയറിൽ ജീവിതമവസാനിപ്പിക്കാൻ ഒരുങ്ങി നിൽക്കുന്നത്…
ആ പാവപ്പെട്ടവരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടരുത് ഡിയർ ഡി ജി പി,, ഒരുത്തൻ്റെ അന്നംമുട്ടിക്കുന്നത് അവനെ കൊല്ലുന്നതിന് തുല്ല്യമാണ്…
ഇന്ന് കാണുന്ന മറ്റൊരു രീതിയെന്താണ് തെറ്റ് ചെയ്യാതെ പോലും ഒരു പോലീസ് ഉദ്യോഗസ്ഥൻ ഒരു പ്രശ്നത്തിൽ പെട്ടാൽ ആദ്യം ഡിപ്പാർട്ട്മെൻ്റ് കയ്യൊഴിയും,, പിന്നെ മാധ്യമങ്ങൾക്ക് കൊത്തിക്കിറിത്തിന്നാൻ വലിച്ചെറിഞ്ഞ് കൊടുക്കും,, ആ സമയത്ത് പോലീസിലെ നേതാക്കന്മാരും ശത്രുക്കളും പുറകിൽ നിന്ന് കുത്തും.. ഒരാശ്വസ വാക്ക് പോലും ലഭിക്കാതെ അവർ മരണത്തിന് സ്വയം കീഴടങ്ങും,

അവരും മനുഷ്യരാണ്.. ഈ സമുഹത്തിൻ്റെ ഭാഗമാണ്,.. തെറ്റ് കുറ്റങ്ങളുള്ളവരാണ്.. ആ ഒരു പരിഗണന നൽകണം അവർക്ക്,
KPDIP & A 1958 റൂൾസും ചട്ടങ്ങളും മുൻവിധിയോടെ മാത്രം അവർക്കെതിരെ പ്രയോഗിക്കുമ്പോൾ അതിനെ നേരിടാനും തലപ്പത്തിരിക്കുന്നവരുടെ അധികാരശക്തിയെ നേരിടാനും അശക്തരാണ് ഭൂരിഭാഗം പേരും,,

ഒരു നല്ല വാക്ക് പോലിസിലെ പണിയെടുക്കുന്നവർക്ക് കിട്ടാറില്ല,, കുറ്റങ്ങളും കുറവുകളും മാത്രം കണ്ടു പിടിച്ച് അതിവേഗം അവരെ അടിച്ചൊതുക്കുമ്പോൾ നഷ്ട്ടം അവർക്കും അവരുടെ സേവനം ലഭ്യമാകേണ്ട ജനങ്ങൾക്കുമാണ്..
ഡിയർ ഡിജിപി,,,
അവസാനമായി ഒരു വാക്ക്..
അല്പം മനസാക്ഷി, ദയ, മനുഷത്വം,, അഭിമാനം… ഒരു നല്ല വാക്ക്… അതവർക്ക് കൊടുക്കണം

രഘു പി എസ് (സിവിലിയൻ)
റിമൂവഡ് ഫ്രം പോലീസ് സർവ്വീസ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close