തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. കാര്‍ഷിക നിയമം കുത്തകകളെ സഹായിക്കാനാണ്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് നിയമം രൂപീകരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ചെറുത്തുനില്‍പ്പാണ് കര്‍ഷകരുടെ സമരമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.
കാര്‍ഷിക നിയമം താങ്ങുവില സമ്പ്രദായത്തെ തകര്‍ക്കും. കര്‍ഷകന്റെ വിലപേശല്‍ ശേഷി ഇല്ലാതാക്കും. നിയമഭേദഗതി പൂഴ്ത്തിവെപ്പിന് കളമൊരുക്കുന്നതാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. കാര്‍ഷിക വാണിജ്യ കരാറുകള്‍ റബര്‍ പോലുള്ള വാണിജ്യം വിളകളെ ബാധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ക്കും നയപ്രഖ്യാപനപ്രസംഗത്തില്‍ വിമര്‍ശനമുണ്ട്. സര്‍ക്കാരിന്റെ അഭിമാനകരമായ പദ്ധതികള്‍ തടസ്സപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നു. ഇത് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. ഫെഡറിലസത്തിന് എതിരായ നീക്കങ്ങളെ കേരളം നേരിടും വികസന പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകും. മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച സര്‍ക്കാരാണിത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ നിയമത്തിലും കേന്ദ്ര സര്‍ക്കാരിനെ നയപ്രഖ്യാപന പ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. പൗരത്വ നിയമഭേദഗതി പാസ്സാക്കിയ വേളയില്‍ രാജ്യത്തെ മതേതരത്വം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങി. രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവം കാത്തു സൂക്ഷിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം.
കോവിഡ് കാലത്ത് 300 കോടിയുടെ സൗജന്യ റേഷന്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു. ക്ഷേമ പെന്‍ഷനുകള്‍ 600 രൂപയില്‍ നിന്നും 1500 രുപയായി വര്‍ദ്ധിപ്പിച്ചു. നൂറുദിന പരിപാടിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. സംസ്ഥാനത്ത് മുഴുവന്‍ സാമൂഹിക അടുക്കള തുടങ്ങാനായെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിലെത്തിയത്. പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷത്തിന്റെ രംഗപ്രവേശം. ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. ഒടുവില്‍ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സഭാകവാടത്തില്‍ പ്രതിപക്ഷം കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്തരുതെന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ഭരണഘടനാപരമായ ചുമതല നിറവേറ്റാന്‍ അനുവദിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.