കോഴിക്കോട്: കോർപ്പറേഷൻ കൗൺസിലിൽ സ്ഥിരം സമിതികൾ തിങ്കളാഴ്ച നിലവിൽ വരും. അതിന് ശേഷമാണ് സമിതി അധ്യക്ഷൻമാരെ തെരഞ്ഞെടുക്കുക. ഇത്തവണ വനിത സംവരണമായ സ്ഥിരം സമിതി അധ്യക്ഷ പദവിയിലെല്ലാം പുതു മുഖങ്ങളാവും.എട്ട് സ്ഥിരം സമിതിയൽ ഏഴെണ്ണത്തിലും സി.പി.എമ്മിന് അധ്യക്ഷ പദവിനൽകാൻ എൽ.ഡി.എഫ് നേരത്തേ തീരുമാനിച്ചിരുന്നു. ഘടകകക്ഷികളിൽ സി.പി.ഐക്ക് മാത്രമാവും ഇത്തവണ അധ്യക്ഷ പദവി. വനിത സംവരണമായ വിദ്യാഭ്യാസം-കായികം, വികസനം എന്നിവയുടെ സ്ഥിരം സമിതി
അധ്യക്ഷ പദവി ഇത്തവണ പുതുമുഖങ്ങളാവും. ചെട്ടികുളം കൗൺസിലർ ഒ.പി.ഷിജിന വികസന സമിതിയുടെയും കൗൺസിലിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം എരഞ്ഞിപ്പാലത്തെ സി. രേഖ വിദ്യാഭ്യാസ സമിതിയുടെ അധ്യക്ഷയാവും. നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷയായി പരിഗണിക്കുന്നത് നടുവട്ടം കൗൺസിലർ കൃഷ്ണ കുമാരിയെയാണ്. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയായി ഡോ. എസ്. ജയശ്രീയെയാണ് പരിഗണിക്കുന്നത്. ഇരുവരും ആദ്യമായാണ് ഈ സ്ഥാനത്ത് വരുന്നത്. ഇത്തവണയും സി.പി.ഐക്ക് നൽകിയ നികുതി അപ്പീൽ സ്ഥിരം സമിതി അധ്യക്ഷ പദവിയിൽ അവരുടെ ഏക അംഗമായ പി.കെ.നാസർ എത്തും. നാസറിനെ കൂടാതെ മരാമത്ത് സ്ഥിരം സമിതി അധ്യക്ഷനാവുമെന്ന് പ്രതീക്ഷിക്കുന്ന പി.സി.രാജൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനാവുന്ന പി.ദിവാകരൻ എന്നിവർ നേരത്തേ അധ്യക്ഷ സ്ഥാനത്തിരുന്നവരാണ്. കഴിഞ്ഞ തവണ സി.പി.എമ്മിന് ആറ് അധ്യക്ഷ പദവിയായിരുന്നു.
എല്ലാ ഘടക കക്ഷികളും സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തിന് ആവശ്യമുന്നയിച്ചെങ്കിലും സി.പി.ഐക്ക് മാത്രം നൽകാനാണ് തീരുമാനം. പാളയത്ത് നിന്ന് ജയിച്ച പി.കെ.നാസർ മാത്രമാണ് സി.പി.ഐ കൗൺസിലർ എങ്കിലും എൽ.ഡി.എഫ് സ്വതന്ത്രൻ ജയിച്ച വെള്ളിമാട്കുന്ന് സി.പി.ഐയുടെ സീറ്റാണെന്ന് പരിഗണിച്ച് രണ്ട് അംഗങ്ങളുള്ള ഘടക കക്ഷിയെന്ന നിലയതിലാണ് സി.പി.ഐക്ക് അധ്യക്ഷ സ്ഥാനം ലഭിക്കുക. ധനാകര്യ സ്ഥിരം സമിതി അധ്യക്ഷ പദവി ഡെപ്യൂട്ടി മേയർക്കായതിനാൽ സി.പി. മുസാഫിർ അഹമ്മദ് തന്നെ ചുമതലയേൽക്കും.കഴിഞ്ഞ തവണ നികുതി അപ്പീൽ സി.പി.ഐ പ്രതിനിധി ആശ ശശാങ്കനും ക്ഷേമകാര്യം എൻ.സി.പിയിലെ അനിത രാജനുമായിരുന്നു.