പാലക്കാട് :കോങ്ങാട് എം എൽ എ വിജയദാസ് അന്തരിച്ചു.ഇന്ന് വൈകിട്ട് 7.45നായിരുന്നു അന്ത്യം.കഴിഞ്ഞ കുറെ ദിവസങ്ങളായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു, മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയിലായിരുന്നു.തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 2011 മുതല്‍ പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലത്തിലെ എംഎല്‍എ. യാണ്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റംഗം,
കർഷകസംഘം ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് നിലവിൽവന്നപ്പോൾ 1995ൽ ആദ്യ പ്രസിഡന്റായി. ലോകത്തിന് മാതൃകയായ മീൻവല്ലം ജലവൈദ്യുത പദ്ധതി വിജയദാസ് പ്രസിഡന്റായിരിക്കെയാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയത്. ഏഷ്യയിൽതന്നെ ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുന്ന ജലവൈദ്യുത പദ്ധതിയും മീൻവല്ലമാണ്. കെഎസ്വൈഎഫിലൂടെ പൊതുപ്രവർത്തനരംഗത്ത് വന്നു. ദീർഘകാലം സിപിഐ എം എലപ്പുള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. തുടർന്ന് പുതുശേരി ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റിയിലും പ്രവർത്തിച്ചു.1987 ൽ എലപ്പുള്ളി ഗ്രാമ പഞ്ചായത്തംഗമായി തെരഞ്ഞെടുപ്പട്ടു. തേനാരി ക്ഷീരോൽപാദക സഹകരണസംഘം സ്ഥാപക പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, എലപ്പുള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിരുന്നു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസവും അനുഭിച്ചിട്ടുണ്ട്. മികച്ച സഹകാരികൂടിയാണ് വിജയദാസ് നല്ല ഒരു കർഷകൻ കൂടിയാണ്. പ്രേമകുമാരിയാണ് ഭാര്യ. ജയദീപ്, സന്ദീപ് എന്നിവര്‍ മക്കളാണ്. മൃതദേഹം നാളെ രാവിലെ പാലക്കാട്ടേക്ക് കൊണ്ടുപോകും.