തെരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാനത്ത് സമ്പൂർണ്ണ പാലിയേറ്റീവ് കെയർ കർമ്മപദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കുമെന്ന് ആരോഗ്യ സാമൂഹികനീതി മന്ത്രി കെ. കെ. ശൈലജറ്റ്റ്റീച്ചർ പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞ പാലിയേറ്റീവ് കെയർ നയത്തിൻറ്റെ അടിസ്ഥാനത്തിലാണ് ആക്ഷൻ പ്ലാൻ ആവിഷ്ക്കരിക്കുന്നതെന്നും അവർ പറഞ്ഞു.
ഉരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി വടകരയിൽ വയോജനങ്ങൾക്ക് വിവിധ സ്പെഷ്യാലിറ്റികളിലെ അതിവിദഗ്ദ്ധഡോക്റ്റർമാരുടെ ഓൺലൈൻ ചികിത്സാസൗകര്യം ലഭ്യമാക്കാൻ നടപ്പാക്കുന്ന ‘യു.എൽ. കെയർ മടിത്തട്ട് ടെലിമെഡിസിൻ പദ്ധതി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
യു. എൽ. സി. സി. എസ്. നടപ്പാക്കിയതുമാതിയുള്ള പദ്ധതികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കണം. പഞ്ചായത്തുകൾ ഇതു പഠിച്ച് ഈ മാതൃകയിൽ പദ്ധതി നടപ്പാക്കണം. സാമ്പത്തികശേഷി ഉള്ളവരിൽനിന്നു സംഭാവനകളും കമ്പനികളുടെ സാമൂഹികകടമാഫണ്ടും എം. എൽ. എ., എം. പി. ഫണ്ടുകളും സമാഹരിച്ച് കൃത്യമായി ചെയ്യുന്നവരെ ചുമതലപെടുത്തി നടപ്പാക്കണം.
മടിത്തട്ടിന്റേതിനു സമാനമായ പദ്ധതി സർക്കാരും നടപ്പാക്കുന്നുണ്ട്. എന്നാൽ ഇതിനോടു കിടപിടിക്കാൻ കഴിയുന്ന തരത്തിൽ ആകുന്നില്ല. ഭാവിയിൽ ആ നിലവാരത്തിലേക്കു കൊണ്ടുവരും. യു. എൽ. സി. സി. എസ്. ചെയ്യുന്ന പ്രവർത്തനങ്ങൾ സർക്കാരിനുതന്നെ മാതൃകയാണെന്നും ഇത്തരം മാതൃകകൾ മറ്റിടങ്ങളിലും തുടങ്ങാൻ സർക്കാർ പ്രേരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള പാലിയേറ്റീവ് കെയർ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി പാലിയേറ്റീവ് കെയർ ഗ്രിഡ് സർക്കാർ ആരംഭിക്കും. അതിൽ സുപ്രധാനസ്ഥാനം മടിത്തട്ടിനും യു.എൽ.സി.സി.എസിനും ഉണ്ടാകുമെന്നും ശൈലജട്ടീച്ചർ പറഞ്ഞു.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ സാമൂഹികഷേമവിഭാഗമായ യു.എൽ. ഫൗണ്ടേഷനുകീഴിൽ പ്രവർത്തിക്കുന്ന സമഗ്ര വയോജനപരിപാലനകേന്ദ്രമാണ് യു.എൽ. കെയർ മടിത്തട്ട്. കോവിഡിന്റെ സാഹചര്യത്തിൽ ആശുപത്രികൾ വയോജനങ്ങൾക്കു സുരക്ഷിതമല്ല എന്നതു പരിഗണിച്ചാണ് ഇവിടെ ടെലിമെഡിസിൻ പദ്ധതി നടപ്പാക്കുന്നത്. കോവിഡിനുശേഷവും ഇതു തുടരുമെന്ന് സൊസൈറ്റി അധികൃതർ വ്യക്തമാക്കി.
ജനറൽ മെഡിസിൻ, കാർഡിയോളജി, ഓങ്കോളജി, എൻഡോക്രിനോളജി, യൂറോളജി, ന്യൂറോളജി, ഗ്യാസ്റ്റ്രോഎന്ററോളജി, നെഫ്രോളജി, ഡെർമറ്റോളജി, വാസ്കുലാർ സർജറി, ഡയബറ്റോളജി, ഗൈനക്കോളജി, ആൻഡ്രോളജി, ഹെപറ്റോളജി, പീഡിയാട്രി, ജെറിയാട്രിക് സൈക്യാർട്രി എന്നീ വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റുകളുടെ സേവനമാണ് ഇപ്പോൾ ഇതിലൂടെ ലഭ്യമാക്കുന്നത്.
അഞ്ചു സ്റ്റാഫുള്ള ലാബും നീതി മെഡിക്കൽ സ്റ്റോറും ഡോക്റ്ററും നഴ്സും ഒക്കെ സ്വന്തമായുള്ള മടിത്തട്ടിലെ അന്തേവാസികളുടെ ആരോഗ്യപ്രശ്നങ്ങളും പരിശോധനാഫലങ്ങളും ഇവരുടെ സഹായത്തോടെ വിദഗ്ദ്ധഡോക്ടർമാർക്കു കൈമാറാനും രോഗമുള്ളവർക്ക് ഡോക്ടർമാരുമായി നേരിട്ട് ആശയവിനിമയം നടത്താനും ആധുനികസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
സി. കെ. നാണു എം.എൽ.എ. അദ്ധ്യക്ഷനായ ചടങ്ങിൽ മടിത്തട്ടിന്റെ വെബ്സൈറ്റ് വടകര ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് കെ. പി. ഗിരിജയും മൊബൈൽ ആപ്പ് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്തും ഉദ്ഘാടനം ചെയ്തു. ഡോ: എം. കെ. ജയരാജ് പദ്ധതിയെപ്പറ്റി വിശദീകരിച്ചു. മന്ത്രിക്ക് നാടിന്റെ ഉപഹാരം സി. കെ. നാണുവും സൊസൈറ്റിയുടെ ഉപഹാരം ചെയർമാൻ രമേശൻ പാലേരിയും സമ്മാനിച്ചു.
ജില്ലാപ്പഞ്ചായത്ത് അംഗം എൻ.എം. വിമല, ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികല ദിനേശൻ, വാർഡ് അംഗം ബിന്ദു വള്ളിൽ, യു. എൽ. സി. സി. എസ്. ചെയർമാൻ രമേശൻ പാലേരി, കേരള ആത്മവിദ്യാസംഘം ജനറൽ സെക്രട്ടറി പി. വി. കുമാരൻ മാസ്റ്റർ, കാരക്കാട് ആത്മവിദ്യാസംഘം പ്രസിഡന്റ് മോഹനൻ പാലേരി എന്നിവർ ആശംസ നേർന്നു. ടി.പി. ബിനീഷ്, യു. രഞ്ജിത്ത്, വി. പി. രാഘവൻ, ശ്രീധരൻ മടപ്പള്ളി, ജൗഹർ വെള്ളിക്കുളങ്ങര, രാമചന്ദ്രൻ കൊയിലോത്ത്, ബാബു പറമ്പത്ത്, അഡ്വ. ബൈജു രാഘവൻ, എം.പി. ദേവദാസൻ എന്നിവർ സംബന്ധിച്ചു.