Politics
സര്‍ക്കാര്‍ ആശുപത്രികള്‍ അഭിമാനകരം – മന്ത്രി കെ.കെ ശൈലജ ടീച്ചര്‍
കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികള്‍ അഭിമാനകരമായ രീതിയില്‍ മാറിവരികയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കോഴിക്കോട് ബീച്ച് ഗവ.ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബും നവീകരിച്ച പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകളും മൈക്രോ ബയോളജി ലാബും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ ആരോഗ്യമേഖലയിലുണ്ടായ മാറ്റങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ വളരെ ചാരിതാര്‍ഥ്യമുണ്ട്. കോര്‍പ്പറേറ്റ് ആശുപത്രികളെ വെല്ലുന്ന പശ്ചാത്തല സൗകര്യവും ചികിത്സാ സൗകര്യങ്ങളുമുള്ള ഇടങ്ങളായി സര്‍ക്കാര്‍ ആശുപത്രികളെ മാറ്റുക എന്ന ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തതെന്ന് മന്ത്രി പറഞ്ഞു.
ആശുപത്രിയില്‍ ആധുനിക ഹൃദ്രോഗ ചികിത്സ നടത്താന്‍ സൗകര്യങ്ങളോടുകൂടി 11 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കാത്ത് ലാബ്, കാത്ത് ഐ.സി.യു, എം.എല്‍.എ യുടെ ആസ്തി വികസനഫണ്ടില്‍ നിന്ന് 1.48 കോടി രൂപ ചെലവഴിച്ച് നവീകരിച്ച സ്ത്രീകളുടേയും പുരുഷന്മാരുടേയും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകള്‍, എന്‍.എച്ച്.എം ഫണ്ടുപയോഗിച്ച് നവീകരിച്ച മൈക്രോ ബയോളജി ലാബ്, ചാര്‍ട്ടേഡ് അക്കൗണ്ട്സ് അസോസിയേഷന്റെ (ഐ.സി.എ.ഐ) സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച എമർജൻസി യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.
കാത്ത് ലാബ്, കാത്ത് ഐ.സി.യു, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകള്‍ വിഭാഗങ്ങളിലായി 33 ബെഡുകളാണുള്ളത്. ഐ.സി.യു കോട്ട്, സിറിഞ്ച് പമ്പ്, ഇന്‍ഫ്യൂഷന്‍ പമ്പ്, സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ വിതരണ സമ്പ്രദായം തുടങ്ങി ഏറ്റവും ആധുനികസൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മാനസികാഹ്ലാദം നല്കുന്നതിനായുള്ള സംഗീത സൗകര്യങ്ങള്‍, പെയിന്റിങുകള്‍, കൂട്ടിരിപ്പുകാര്‍ക്ക് വിരസത മാറ്റാനായി റീഡിങ് കോര്‍ണറുകള്‍ എന്നിവയും സജ്ജീകരിക്കും.
എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോര്പ്പറേഷന് മേയര്‍ ഡോ.ബീന ഫിലിപ്പ്, ജില്ലാ കലക്ടര്‍ സാംബശിവ റാവു, വാര്‍ഡ് കൗണ്‍സിലര്‍, കെ.റംലത്ത്, ഡി.പി.എം ഡോ.നവീന്‍, എച്ച്.ഡി.സി പ്രതിനിധി ടി.ദാസന് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. വി. ഉമ്മര്‍ ഫാറൂഖ് നന്ദിയും പറഞ്ഞു.