localPolitics

ലഹരി മാഫിയക്കെതിരെ കൂട്ടായ്മയൊരുക്കിയവന്‍, കോവിഡ് പോരാളി! തലക്കുളത്തൂര്‍ പതിനാറാം വാര്‍ഡില്‍ യു ഡി എഫ് കുത്തക തകര്‍ക്കാന്‍ ഇടതുപക്ഷം രംഗത്തിറക്കിയത് ജനകീയ സ്ഥാനാര്‍ഥിയെ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ പഞ്ചായത്ത് അരനൂറ്റാണ്ടിലേറെയായി ഇടത് കോട്ടയാണ്. ആ ജൈത്രയാത്ര തുടരുക എന്നതിനോടൊപ്പം യു ഡി എഫിന്റെ കുത്തക മണ്ഡലങ്ങളില്‍ വിജയക്കൊടി പാറിക്കാമെന്ന ആത്മവിശ്വാസവും എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കുണ്ട്.

തലക്കുളത്തൂരില്‍ യു.ഡി.എഫിന്റെ കുത്തക മണ്ഡലമായ പതിനാറാം വാര്‍ഡിലെ പോരാട്ടം ശ്രദ്ധേയമാകുന്നത് എല്‍ ഡി എഫിന്റെ ജനകീയ സ്ഥാനാര്‍ഥിയുടെ വരവോടെയാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായി പൊതു സ്വീകാര്യനായ സാമൂഹികപ്രവര്‍ത്തകനെയാണ് ഇക്കുറിയവര്‍ കളിക്കളത്തിലിറക്കിയിരിക്കുന്നത്. ലഹരി മാഫിയക്കെതിരായ പോരാട്ടത്തിലും കോവിഡ് അടക്കമുള്ള മഹാമാരിക്കാലത്തെ സന്നദ്ധ പ്രവര്‍ത്തനത്തിലും നേതൃനിരയിലുണ്ടായിരുന്ന അര്‍സല്‍ കുട്ടോത്തിനെയാണ് വാര്‍ഡ് പിടിച്ചെടുക്കാനുള്ള ദൗത്യം ഇടതുപക്ഷം ഏല്‍പ്പിച്ചിരിക്കുന്നത്.

പാലോറ മല കേന്ദ്രീകരിച്ച് നടന്ന ലഹരി മാഫിയയുടെ വിളയാട്ടം ഔദ്യോഗിക സഹായത്തോടെ അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞത്, അര്‍സല്‍ കണ്‍വീനറായ മുക്തി ലഹരി വിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു. നിരവധി യുവാക്കളെയാണ്
ലഹരി മാഫിയ വഴി തെറ്റിച്ചത്. പ്രദേശത്ത് ലഹരിക്കെതിരെ ജനകീയ കൂട്ടായ്മയുണ്ടാക്കി നിതാന്ത ജാഗ്രത പുലര്‍ത്താന്‍ അര്‍സലിന് സാധിച്ചത് ഓരോ വീടുകളിലും ചര്‍ച്ചയാണ്. അര്‍സലിന്റെ സംഘാടന ശേഷിയുടെയും ഇച്ഛാശക്തിയുടെയും ഉത്തമദൃഷ്ടാന്തമായി ഈ ഇടപെടല്‍ നാട്ടുകാര്‍ക്ക് മുന്നിലുണ്ട്.

സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനായ അര്‍സല്‍ സി.എം.എം.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് കൂടിയാണ്. സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി
യും .അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പിന്തുണ നല്‍കിയും കഴിഞ്ഞ രണ്ടു തവണയും എസ്.എസ്.എല്‍.സിക്ക് നൂറു ശതമാനം വിജയം കൈവരിക്കുന്നതില്‍ അര്‍സല്‍ വഹിച്ച പങ്ക് ഒട്ടും ചെറുതല്ല.

ലക്കി സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലൂടെ കായിക രംഗത്തെത്തിയ ഇദ്ദേഹം അറിയപ്പെടുന്ന, ഫുട്‌ബോള്‍, വോളിബോള്‍ പ്ലെയര്‍ കൂടിയാണ്. ഇതു വഴിയും ചെറുപ്പക്കാര്‍ക്കിടയില്‍ അര്‍സലിന് വലിയ സ്വീകാര്യതയാണുള്ളത്.

അര്‍സല്‍ മത്സര രംഗത്ത് നിറഞ്ഞ് നിന്നതോടെ, യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകളില്‍ വലിയ വിള്ളലുകള്‍ വീണിട്ടുണ്ട്.അതുകൊണ്ട് തന്നെ ഒരു അട്ടിമറി വിജയത്തിനുള്ള സാധ്യതയാണ് രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതേസമയം ഇത്തവണ ഭരണം പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യു ഡി.എഫ് പ്രവര്‍ത്തകര്‍.

മുസ്ലീം ലീഗിലെ അബ്ദുള്‍ ജലീലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. കെ രമ്യയാണ് എന്‍ ഡി എ സ്ഥാനാര്‍ഥി. ആവനാഴിയിലെ എല്ലാ അമ്പുകളുമെടുത്ത് മുന്നണികള്‍ ഏറ്റുമുട്ടുന്ന ഇവിടം ഇതിനോടകം ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close