കോഴിക്കോട്: എരഞ്ഞിപ്പാലത്ത് സരോവരം പാർക്കിലേക്കുള്ള റോഡ് കൈയ്യേറി വാഹനം പൊളിക്കുന്ന പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മേയർ ബീനഫിലിപ്പ് പറഞ്ഞു. പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയാണ് ഇക്കാര്യം കൗൺസിൽ യോഗത്തിൽ ശ്രദ്ധ ക്ഷണിച്ചത്. പ്രഭാത സവാരിക്ക് ഇറങ്ങുന്നവർക്കും സരോവരം ബയോപാർക്കിലേക്ക് വരുന്നവർക്കും കൈയ്യേറ്റം ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. വാഹനം പൊളിക്കുന്ന സ്ഥാപനങ്ങൾക്ക് മുന്നിലെ കൈയേറ്റം ഒഴിപ്പിച്ച് നടപ്പാത ടൈൽസ് പാകി നവീകരിക്കണമെന്നും ശോഭിത ആവശ്യപ്പെട്ടു.
കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വില്ലേജുകൾ പുനക്രമീകരിക്കാൻ കോർപ്പറേഷൻ കൗൺസിൽ പ്രമേയത്തിലടെ ആവശ്യപ്പെട്ടു. കെ. നിർമ്മല പ്രമേയം അവതരിപ്പിച്ചു. ജനസംഖ്യ അടിസ്ഥാനത്തിൽ പുനക്രമീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും വില്ലേജുകളുടെ പരിധിയുടെ ജനബാഹുല്യം കാരണം ജനങ്ങൾക്ക് ആവശ്യങ്ങൾ നിർവ്വഹിക്കാൻ വളരെ പ്രയാസപ്പെടുന്ന അവസ്ഥയാണെന്നും അവർ ചൂണ്ടിക്കാട്ടി. വില്ലേജുകളുടെ പുനക്രമീകരണത്തിനു വേണ്ടി ഈ കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെടാമെന്ന് മേയർ യോഗത്തെ അറിയിച്ചു.
തിരിച്ചറിയാൻ കഴിയാത്ത വാഹനങ്ങൾ രാത്രികാലങ്ങളിൽ നിരന്തരം അപകടം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണ സംവിധാനം കുറ്റമറ്റതാക്കണമെന്ന് കൗൺസിൽ പ്രമേയത്തിലൂടെ സംസ്ഥാന പൊലീസ് അധികൃതരോടാവശ്യപ്പെടും. കെ. മൊയ്തീൻ കോയ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന പാസാക്കി. റയിൽവേ സ്റ്റേഷനു സമീപം മാദ്ധ്യമപ്രവർത്തകനായ അഷ്റഫ് ചേരാപുരത്തിന് പരിക്കേറ്റ സംഭവം അദ്ദേഹം കൗൺസിലിന്റെ ശ്രദ്ധിയിൽ പെടുത്തി. പൊലീസിന്റെ സി.സി. ക്യാമറയിൽ ബാക്ക് അപ്പ് സംവിധാനത്തിന് 24 മണിക്കൂറിന്റെ സൗകര്യം മാത്രമാണുള്ളതെന്ന് മൊയ്തീൻ കോയ പറഞ്ഞു.