localtop news

പുനര്‍ഗേഹം പദ്ധതി ശിലാസ്ഥാപനം മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ നിര്‍വഹിച്ചു ; 80 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീടൊരുങ്ങും

കോഴിക്കോട്: മത്സ്യത്തൊഴിലാളികള്‍ക്കായി പുനര്‍ഗേഹം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ നിര്‍വഹിച്ചു. നാടിന്റെ രക്ഷാസൈന്യമായ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനുള്ള ചുമതല സര്‍ക്കാരിനുണ്ട്. സര്‍ക്കാരിന്റെ പദ്ധതികള്‍ തൊഴിലാളികള്‍ക്കായുള്ളതാണ്. തീരദേശത്ത് 50 മീറ്ററിനകത്ത് താമസിക്കുന്ന എല്ലാവരെയും പുനരധിവസിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഭട്ട് റോഡിലെ സമുദ്ര കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

തീരദേശത്ത് വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിതമായ മേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് പുനര്‍ഗേഹം. പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ വെസ്റ്റ് ഹില്ലില്‍ ഫിഷറീസ് ക്വാട്ടേഴ്സ് സ്ഥിതി ചെയ്യുന്ന ഭൂമിയില്‍ 80 വ്യക്തിഗത ഫ്ളാറ്റുകള്‍ നിര്‍മ്മിക്കുന്നതിനായി ഓരോ ഫ്ളാറ്റിനും 10 ലക്ഷം അടങ്കല്‍ തുക എന്ന കണക്കില്‍ ഒരു കോടി രൂപയാണ് അനുവദിച്ചത്. പുതിയതായി നിര്‍മ്മിക്കുന്ന അത്യാധുനിക ഫ്ളാറ്റ് സമുച്ചയത്തില്‍ അഞ്ച് നിലകളുള്ള ബ്ലോക്കുകളാണ് വിഭാവനം ചെയ്തിട്ടുളളത്. 180 ഫ്ലാറ്റുകളാണ് നിര്‍മ്മിക്കുന്നത്. 45 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുളള ഓരോ ഫ്ളാറ്റിലും രണ്ട് കിടപ്പ് മുറി, ഒരു അടുക്കള, ഒരു ലിവിംഗ്, ഡൈനിംഗ് ഏരിയ, ടോയ്ലറ്റ് എന്നിവയാണുളളത്.

കെ.എസ്.സി.എ.ഡി.സി ചീഫ് എഞ്ചിനീയര്‍ എം.എ മുഹമ്മദ് അന്‍സാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ സി.എസ് സത്യഭാമ, എം.കെ മഹേഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.കെ സുധീര്‍ കിഷന്‍, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ പി. അനില്‍ കുമാര്‍, കെ.എസ്.സി.എ.ഡി.സി റീജിയണല്‍ മാനേജര്‍ അബ്ദുള്‍ മജീദ് പി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ മത്സ്യതൊഴിലാളി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close