കോഴിക്കോട്: കോവിഡ് എന്ന മഹാമാരിയുട ദുരിതം തുടരുന്ന കാലത്ത് തന്നെയാണ് ഈ വര്‍ഷത്തെ ലോക വനിതാ ദിനം കടന്ന് വരുന്നത്. കോവിഡിനെ പ്രതിരോധിക്കാന്‍ അവിരാമം പ്രയത്നിച്ച നഴ്സിങ്ങ് ജീവനക്കാരെ ആദരിച്ചുകൊണ്ടാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഇത്തവണത്തെ ലോക വനിതാ ദിനം ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ നഴ്സിങ്ങ് അസിസ്റ്റന്റ്മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ നഴ്സിങ്ങ് ജീവനക്കാര്‍ക്കും സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് പദ്ധതിയാണ് ആസ്റ്റര്‍ മിംസ് നടപ്പിലാക്കിയിരിക്കുന്നത്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലേയും സ്വകാര്യ ആശുപത്രികളിലേയും ക്ലിനിക്കുകളിലേയും നഴ്സിങ്ങ് ജീവനക്കാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാണ്.
സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് പദ്ധതിക്ക് പുറമെ മാര്‍ച്ച് 7ാം തിയ്യതി രാത്രി ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ വനിതാ ജീവനക്കാര്‍ നടത്തുന്ന ബൈക്ക് റാലിയും സംഘടിപ്പിക്കുന്നു. രാത്രി 9.30 ന് ആസ്റ്റര്‍ മിംസ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന ബൈക്ക് റാലി കോഴിക്കോട് നഗരം പ്രദക്ഷിണം ചെയ്തശേഷം തിരിച്ച് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സമാപിക്കും. ബഹു. കോഴിക്കോട് കോര്പ്പറേഷന് മേയര്‍ ഡോ. ബീന ഫിലിപ്പ് പരിപാടികളുടെ ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിക്കും.
ഇതിന് പുറമെ ലോക വനിതാ ദിനമായ മാര്‍ച്ച് 8 ന് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ മുഴുവന്‍ പ്രധാനപ്പെട്ട തസ്തികകളും സ്ത്രീകള്‍ക്ക് വേണ്ടി മാറ്റിവെക്കുകയാണ്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സി. ഇ. ഒ), ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് (സി. എം. എസ്) തുടങ്ങിയ പ്രധാനപ്പെട്ട തസ്തികകളുടെ ചുമതലകളെല്ലാം അന്നേ ദിവസം വഹിക്കുന്നത് ആസ്റ്റര്‍ മിംസിലെ വനിതാ ജീവനക്കാരായിരിക്കും. ജീവിതത്തിന്റെ പ്രതിസന്ധികളോട് പോരാടി വിജയം കൈവരിച്ച ആസ്റ്റര്‍ മിംസിലെ പത്ത് വനിതാ ജീവനക്കാരെ ആദരിക്കുകയും സാമ്പത്തിക സഹായം കൈമാറുകയും ചെയ്യുന്ന ചടങ്ങും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.
പത്രസമ്മേളനത്തില്‍ ഡോ. സുധ കൃഷ്ണനുണ്ണി, ഡോ. ലില്ലി രാജീവൻ, ഷീലാമ്മ ജോസഫ്, ഡോ. പ്രവിത എന്നിവര്‍ പങ്കെടുത്തു.