കോഴിക്കോട്: റൂറൽ പോലീസ് പരിധിയിൽ 1800 പോലീസുകാർ തെരഞ്ഞെടുപ്പ് ക്രമസമാധാന പാലനത്തിനായി സജ്ജമായി. ആകെ 21 പോലീസ് സ്റ്റേഷനുകളാണ് കോഴിക്കോട്റൂറൽ പോലീസിന് കീഴിലുള്ളത്. വോട്ടെടുപ്പ് ദിവസം 1600 സ്പെഷ്യൽ പോലീസ് ടീം കൂടി ക്രമസമാധാന പാലനത്തിനുണ്ടാകും. മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളിൽ ആന്റി നക്‌സൽ ടീമിനെയും വിന്യസിക്കും.
വടകര, കൊയിലാണ്ടി, താമരശേരി, പേരാമ്പ്ര, കൊടുവള്ളി, കുറ്റിയാടി, തൊട്ടിൽ പാലം, നാദാപുരം, എടച്ചേരി, ചോമ്പാല, പയ്യോളി, മേപ്പയ്യൂർ, കാക്കൂർ, അത്തോളി, വളയം, പെരുവണ്ണാമൂഴി, കൂരാച്ചുണ്ട്, തിരുവമ്പാടി, മുക്കം, ബാലുശേരി, കോടഞ്ചേരി സ്റ്റേഷനുകളാണ് റൂറൽ പരിധിയിലുള്ളത്.
കേന്ദ്രസേനയുടെ (ബി. എസ്.എഫ്) രണ്ടു കമാൻഡന്റും എട്ട് സീനിയർ ഓഫീസർമാരുമടക്കം 500 സേനാംഗങ്ങൾ തൊട്ടിൽ പാലം ,പയ്യോളി ,പേരാമ്പ്ര ,താമരശേരി എന്നിവിടങ്ങളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. റൂറൽ ഏരിയയിലെ 40 സ്ഥലങ്ങളിൽ റൂട്ട് മാർച്ച് നടത്തി. ജില്ലാ അതിർത്തികളിൽ കേന്ദ്രസേനയുടെ സഹായത്തോടെ പരിശോധനയും ശക്തമാക്കി. ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് 3 കിലോ കഞ്ചാവ് പിടിച്ചു.
ജില്ലയിലാകെ 3790 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 1457 പോളിങ്ങ് ബൂത്തുകൾ പ്രത്യേക ശ്രദ്ധ വേണ്ടവയാണ്. വൾനറബിൾ ബൂത്തുകൾ 82- ഉം സെൻസിറ്റീവ് ബൂത്തുകൾ 1230 -ഉം ക്രിട്ടിക്കൽ ബൂത്ത് 77 -ഉം മാവോയിസ്റ്റ് ഭീഷണിയുള്ളവ 67മാണ്. ഈ ബൂത്തുകളുടെയെല്ലാം സുരക്ഷാ ചുമതലകളുടെ നടപടി പൂർത്തിയായി കഴിഞ്ഞു.