ബാലുശ്ശേരി : കൂട്ടം തെറ്റി വന്ന് കിണറ്റിൽ വീണ കേഴമാനിനെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തി.
കിനാലൂർ ഏഴുകണ്ടി ചാത്തം വീട്ടിൽ ഉണ്ണി മാധവൻ നായരുടെ വീട്ടിലെ ആൾമറയില്ലാത്ത കിണറ്റിലാണ് കേഴമാനെ കണ്ടെത്തിയത്. കക്കയം ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള പനങ്ങാട് പഞ്ചായത്തിലെ കാന്തലാട് മല ഉൾപ്പെടുന്ന വനമേഖലയിൽ നിന്നാണ് കേഴമാൻ കൂട്ടം തെറ്റി കിനാലൂരിലെ ജനവാസ മേഖലയിൽ എത്തിയത്. വനഭൂമിയോട് ചേർന്ന് കൊടുംകാടായി നിൽക്കുന്ന കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിന്റെ ഭൂമിയിലൂടെയാണ് മാൻ പുറത്തെത്തിയതെന്നാണ് കരുതുന്നത്. വ്യവസായ കേന്ദ്രത്തിന്റെ ഏക്കർ കണക്കിന് ഭൂമി കാടുപിടിച്ചു കിടക്കുന്നതിനാൽ കാട്ടുപന്നിയും മറ്റു വന്യജീവികളും ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുക ഇവിടെ പതിവാണ്. എന്നാൽ ഇതാദ്യമായി ജനവാസ കേന്ദ്രത്തിലെത്തി കിണറ്റിലകപ്പെട്ട കേഴമാൻ നാട്ടുകാർക്ക് കൗതുകമായി. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസർ എം.ബി മോഹനന്റെ നേതൃത്വത്തിൽ താമരശ്ശേരി റെയിഞ്ച് റാപ്പിഡ് റസ്പോൺസ് ടീം അംഗങ്ങളായ എസ് എഫ് ഒ ബാബു, വാച്ചർമാരായ അബ്ദുൽ കരീം മുക്കം, ഡ്രെെവർ സി. കെ ഷബീർ എന്നിവരെത്തി വല ഉപയോഗിച്ച് പുറത്തെത്തിക്കുകയായിരുന്നു.