വൈത്തിരി: തെരഞ്ഞെടുപ്പു സമയത്ത് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ മടിച്ചതുമൂലമുണ്ടായ കോവിഡ് വ്യാപനത്തിൻ്റെ മറവിൽ വിനോദ സഞ്ചാരമേഖലയിൽ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്ന അമിതമായ കോവിഡ് നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ അടിയന്തിര യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തപ്പോൾ നടപടി സ്വീകരിക്കാതിരുന്ന ജില്ലാ ഭരണകൂടവും സർക്കാരും ഇപ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അമിത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് അംഗീകരിക്കാൻ കഴിയില്ല. നിപ്പയും പ്രളയങ്ങളും തകർത്തെറിഞ്ഞ ടൂറിസത്തെ കഴിഞ്ഞ ഒരു വർഷത്തെ കോവിഡ് നിയന്ത്രണങ്ങളും പ്രതികൂലമായി ബാധിച്ചപ്പോൾ മേഖലയ്ക്ക് അനുകൂലമായി യാതൊരു നിലപാടുകളും സ്വീകരിക്കാത്ത, ധനസഹായങ്ങൾ നൽകാത്ത സർക്കാർ, ഈ അവധിക്കാലത്ത് വിനോദ സഞ്ചാര മേഖലയെ തകർക്കുന്ന രീതിയിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനോട് വയനാട് ടൂറിസം അസോസിയേഷൻ ശക്തമായി എതിർപ്പ് രേഖപ്പെടുത്തുന്നതായി യോഗം വ്യക്തമാക്കി. നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കാത്തപക്ഷം ഹോട്ടലുടമകൾ, വ്യാപാരികൾ തുടങ്ങി വിവിധ സമാനചിന്താഗതിക്കാരുമായി ചേർന്ന് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു. പ്രസിഡൻ്റ് അലി ബ്രാൻ
അധ്യക്ഷത വഹിച്ചു.