കോഴിക്കോട്: കോവിഡും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും കാരണം ദുരിതം അനുഭവിക്കേണ്ടി വന്നിരിക്കുന്ന വ്യാപാരികളെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി. കോവിഡിന്റെ രണ്ടാം തരംഗം മറ്റേതു മേഖലയേക്കാളും ബാധിച്ചത് വ്യാപാരമേഖലയെയാണ്. ഇപ്പോള്‍ ലോക് ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ ഈ തകര്‍ച്ച പൂര്‍ണമായിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അടച്ചു പൂട്ടേണ്ടി വരുന്ന കടകളുടെ വാടക ഒഴിവാക്കാന്‍ കെട്ടിട ഉടമകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും അടച്ചിടുന്ന കടകളുടെ ഫിക്‌സഡ് വൈദ്യുതി ചാര്‍ജ് ഓഴിവാക്കി നല്‍കണമെന്നും വ്യാപാരി വ്യവസായിസമിതി കോഴിക്കോട് ജില്ല നേതൃയോഗം ആവശ്യപ്പെട്ടു.
അടച്ചുപൂട്ടലും സാമ്പത്തിക മാന്ദ്യവും കാരണം മുടങ്ങുന്ന വ്യാപാരികളുടെ ബാങ്ക് വായ്പയ്ക്ക് പലിശയിളവ് നല്‍കുകയും കാലാവധി നീട്ടി നല്‍കുകയും വേണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.സി.കെ.വിജയന്‍, ടി.മരയ്ക്കാര്‍, സി.വി. ഇക്ബാല്‍, സന്തോഷ് സെബാസ്റ്റിയന്‍, കെ.എം. റഫീഖ്, കെ.സുധ, കെ. സോമന്‍, ഗഫൂര്‍ രാജധാനി എന്നിവര്‍ സംസാരിച്ചു.