കോഴിക്കോട് :മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു. ഓക്സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പി.കെ. സ്റ്റീൽ കോംപ്ലക്സിൽ നിന്നുള്ള 13 കിലോലിറ്റർ ശേഷിയുള്ള പ്ലാന്റ് മെഡിക്കൽ കോളേജ് കോമ്പൗണ്ടിലേക്ക് മാറ്റി സ്ഥാപിച്ചു. ദുരന്തനിവാരണനിയമപ്രകാരമുള്ള കളക്ടറുടെ ഉത്തരവിൻമേലാണ് നടപടി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ആണ് പ്ലാന്റ് മാറ്റി സ്ഥാപിച്ചത്.
സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് രോഗികൾ ഉള്ള ജില്ലകളിൽ ഒന്നാണ് കോഴിക്കോട്. രോഗം ഗുരുതരാവസ്ഥയിൽ എത്തിയവരിൽ ഏറിയപങ്കും കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ആണ് ചികിത്സ തേടുന്നത്. ഇവരുടെ ആവശ്യത്തിന് വേണ്ട മെഡിക്കൽ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ സൗകര്യം പര്യാപ്തമാകാത്തതിനെ തുടർന്നാണ് മെയ് ഒന്നിന് കളക്ടർ അടിയന്തരമായി ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഇതേ തുടർന്ന്, വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് മെയ് ദിനത്തിലെ അവധി വേണ്ടെന്ന് വെച്ച് ഉരാളുങ്കൽ തൊഴിലാളികൾ പ്ലാന്റ് മാറ്റിവയ്ക്കുന്ന പ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഓക്സിജൻ പ്ലാന്റ് നിർമ്മാതാക്കളുടെ സാങ്കേതികപിന്തുണയോടെയാണ് ഊരാളുങ്കൽ സൊസൈറ്റി പ്രവർത്തനങ്ങൾ നടത്തിയത്.
ഓക്സിജൻ പ്ലാന്റ് മാറ്റി സ്ഥാപിക്കുന്നതിൽ സൊസൈറ്റിയെ പ്രതിരോധസെക്രട്ടറി അജയ് കുമാർ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. ഒരാഴ്ച കൊണ്ടാണ് പ്രവർത്തികൾ പൂർത്തീകരിച്ചത്. ജില്ലാ കലക്ടർ സാംബ ശിവ റാവു ,എൻ.ആർ.എച്ച്.എം ജില്ലാ കോർഡിനേറ്റർ ഡോ: നവീൻ എന്നിവർ സ്ഥലത്തെത്തി. പുതിയ ബ്ലോക്കിന് മുൻവശത്താണ് പ്ലാന്റ്. എഴുനൂറ് രോഗികളെ കിടത്തി ചികിത്സിക്കാൻ കഴിയുന്ന ഈ ബ്ലോക്കിൽ 120 ഐ.സി.യു ബെഡ്ഡുകളും ഉണ്ട്. എല്ലാ ആശുപത്രികളിലും ഇത്തരത്തിലുള്ള ഓക്സിജൻ പ്ലാന്റുകൾ ആവശ്യമാണെന്ന് കലക്ടർ പറഞ്ഞു.
ReplyForward
|