ബി.ജെ.പി.യെയും ദേശീയ പ്രസ്ഥാനങ്ങളെയും രാജ്യതാത്പര്യങ്ങളേയും നിരന്തരം പരിഹസിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലുമായി നിസ്സഹരണം പ്രഖ്യാപിച്ച് ബി ജെ പി കേരള ഘടകം. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിപ്പ് നടത്തിയിരിക്കുന്നത്. ബംഗാള്‍ തിരഞ്ഞെടുപ്പിനു ശേഷം നടന്ന അക്രമത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ പി.ആര്‍.പ്രവീണ ഫോണിലൂടെ നടത്തിയ ഒരു പ്രതികരണം കഴിഞ്ഞ ദിവസങ്ങളില്‍ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള സൈബര്‍ അതിക്രമങ്ങളായി പുറത്തുവന്നിരുന്നു. അതിനിടയിലാണ് ഇപ്പോള്‍ ബി.ജെ.പി.യുടെ തീരുമാനം പുറത്തു വന്നിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല
കഴിഞ്ഞ കുറേക്കാലങ്ങളായുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ദേശവിരുദ്ധ സമീപനം അതിന്റെ എല്ലാ സീമങ്ങളും ലംഘിച്ചിരിക്കുകയാണെന്ന് സമകാലീന സംഭവങ്ങള്‍ വീണ്ടും തെളിയിക്കുകയാണ്. ബംഗാള്‍ ഇന്ത്യയിലല്ലെന്നും സംഘികള്‍ ചാവുന്നത് വാര്‍ത്തയാക്കില്ലെന്നും നിങ്ങള്‍ വേണമെങ്കില്‍ കണ്ടാല്‍ മതിയെന്നുമുള്ള ധിക്കാരം ഒരു നൈമിഷിക പ്രതികരണമായി കാണാനാവില്ല. രാജ്യതാത്പര്യങ്ങളെ ഇത്രകണ്ട് ഹനിക്കുന്ന ഏഷ്യാനെറ്റുമായി സഹകരിക്കാന്‍ ബിജെപിക്കോ മറ്റ് ദേശീയ പ്രസ്ഥാനങ്ങള്‍ക്കോ സാധിക്കുകയില്ല. വാര്‍ത്തയിലും വാര്‍ത്താധിഷ്ഠിത പരിപാടികളിലും ബിജെപിയേയും ദേശീയ പ്രസ്ഥാനങ്ങളെയും നിരന്തരമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കാലാകാലങ്ങളായി ഏഷ്യാനെറ്റ് തുടരുന്നത്. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റുമായി നിസഹകരണം ആരംഭിക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടി കേരളാ ഘടകം തീരുമാനമെടുത്തിരിക്കുകയാണ്.