കോഴിക്കോട്: കനറാ ബാങ്കിൽ നിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി ബംഗളൂരുവിൽ പിടിയിൽ. ബാങ്ക് ജീവനക്കാരനായിരുന്ന കൊല്ലം ആവണീശ്വരം സ്വദേശിയായ വിജീഷ് വർഗീസ് ആണ് പിടിയിലായത്. ഇയാളെ ബംഗളൂരുവിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരമാണ് വിജീഷ് പിടിയിലായത് എന്നാണ് സൂചന.അവിടെ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയ്ക്കൊപ്പം ഭാര്യയും രണ്ട് കുട്ടികളും ഉണ്ടായിരുന്നു.
പത്തനംതിട്ട കനറാ ബാങ്ക് ശാഖയിലെ വിവിധ അക്കൗണ്ടുകളിൽ നിന്നാണ് ഇയാൾ പണം തട്ടിയത്. 14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പു നടത്തിയത്. 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട്, ഉടമ അറിയാതെ ക്ലോസ് ചെയ്തുവെന്ന പരാതിയിൽ ഫെബ്രുവരി 11നാണ് ബാങ്ക് അധികൃതർ പരിശോധന ആരംഭിച്ചത്. ഫെബ്രുവരി മുതൽ വിജീഷ് കുടുംബാംഗങ്ങൾക്കൊപ്പം ഒളിവിലായിരുന്നു. ഇയാളെ ഇന്ന് പത്തനംതിട്ടയിൽ എത്തിക്കും. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു നീക്കം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നൽകിയിരുന്നു.
നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എൻഇഎഫ്ടി) സംവിധാനം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. അക്കൗണ്ട് നമ്പരും ഐ എഫ് എസ് ഇ കോഡും യോജിക്കുന്നെങ്കില്‍ അക്കൗണ്ട് ഉടമയുടെ പേര് പരിഗണിക്കാതെ തന്നെ ഈ സംവിധാനം വഴി പണം പിൻവലിക്കാം. ബാങ്കുകളില്‍ സാധാരണ അതത് ദിവസങ്ങളിലെ ഇടപാടുകളുടെ വൗച്ചറുകള്‍ ഉച്ചയ്ക്കുശേഷം പരിശോധിക്കണമെന്നാണ് നിയമം. വൈകിട്ട് എല്ലാ ഇടപാടുകളുടെയും പ്രിന്റ് എടുത്ത് പരിശോധിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത് രണ്ടും മാസങ്ങളായി നടന്നിട്ടില്ലെന്നാണ് സൂചന.