localtop news

കടുത്ത പ്രതിസന്ധി: മില്‍മ പാല്‍സംഭരണം കുറയ്ക്കുന്നു

കോഴിക്കോട്: നാളെ മുതല്‍ ക്ഷീര സംഘങ്ങളില്‍ നിന്ന് വൈകുന്നേരത്തെ പാല്‍ മില്‍മ സംഭരിക്കില്ല. മെയ് ഒന്നു മുതല്‍ പത്തുവരെ സംഘങ്ങള്‍ മില്‍മയ്ക്ക് നല്‍കിയിരുന്ന പ്രതിദിന ശരാശരിയുടെ 60 ശതമാനം മാത്രമേ ഇപ്പോള്‍ സംജാതമായ പ്രതിസന്ധി തരണം ചെയ്യുംവരെ മില്‍മ സംഭരിക്കുകയുള്ളൂ.

കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായുള്ള ലോക്ഡൗണില്‍ മലബാറിലെ മിക്ക കടകമ്പോളങ്ങളും അടഞ്ഞു കിടക്കുന്നതിനാല്‍ മില്‍മയുടെ പാല്‍ വിപണനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ ക്ഷീരസംഘങ്ങളിലെ പാല്‍ സംഭരണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയുമാണ്. വില്‍പ്പന കഴിഞ്ഞ് മൂന്നു ലക്ഷം ലിറ്ററിലേറെ പാലാണ് നിലവില്‍ മില്‍മയ്ക്ക് മിച്ചം വരുന്നത്. മിച്ചംവരുന്ന പാല്‍ തമിഴ്‌നാട്ടിലെ സ്വകാര്യ പാല്‍പ്പൊടി നിര്‍മാണ കേന്ദ്രങ്ങളില്‍ അയച്ച് പൊടിയാക്കുകയായിരുന്നു ചെയ്തിരുന്നത്. പാല്‍ പൊടിയാക്കുന്നത് വന്‍ നഷ്ടമാണെങ്കിലും അതുസഹിച്ച് കര്‍ഷകരോടൊപ്പം നില്‍ക്കുകയായിരുന്നു മില്‍മ. എന്നാല്‍ ലോക്ഡൗണ്‍ കാരണം മിച്ചം വരുന്ന പാല്‍ തമിഴ്‌നാട്ടില്‍ അയച്ച് പൊടിയാക്കാന്‍ സാധിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് പാല്‍ സംഭരണം കുറയ്ക്കുന്നത്.

ലോക്ഡൗണ്‍ മാറി വിപണനം മെച്ചപ്പെടുകയും തമിഴ്‌നാട്ടിലെ ഫാക്ടറികളിലേക്ക് പൊടിയാക്കാന്‍ കൂടുതല്‍ പാല്‍ അയക്കാനുള്ള സാഹചര്യമൊരുങ്ങുകയും ചെയ്യുന്ന പക്ഷം പാല്‍ സംഭരണം പൂര്‍വ സ്ഥിതിയില്‍ തുടരും. എല്ലാ കര്‍ഷകരും ക്ഷീര സംഘം ഭാരവാഹികളും സഹകരിക്കണമെന്ന് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്. മണി, മാനെജിംഗ് ഡയറക്ടര്‍ പി. മുരളി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close