KERALAPoliticstop newsVIRAL

പിണറായിയുമായി സമാനതയുണ്ട്, കോണ്‍ഗ്രസ് നേതൃത്വത്തിന് മനസിലാകാത്ത ജനത്തിന്റെ പള്‍സ് അറിയാം, ശബരിമല കോലാഹലത്തില്‍ തലയിട്ടില്ല, ഇടത് കേന്ദ്രമായ പറവൂരിനെ ഒപ്പം നിര്‍ത്തിയ തന്ത്രജ്ഞത! വി ഡി സതീശനെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ

കേരള നിയമസഭയില്‍ പ്രതിപക്ഷ നേതാവായി വി ഡി സതീശനെ നിയോഗിച്ച് കോണ്‍ഗ്രസ് തിരിച്ചുവരവിനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു. പുഷ്പകിരീടമല്ല അണിയുന്നതെന്ന് ബോധ്യമുണ്ടെന്നും ജനങ്ങളും യു ഡി എഫ് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത് പോലെ കോണ്‍ഗ്രസിനെയും യു ഡി എഫിനെയും തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് സ്ഥാനം ഏറ്റെടുത്ത ശേഷം വാര്‍ത്താസമ്മേളനത്തില്‍ വി ഡി സതീശന്‍ വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയും ഈ മാറ്റത്തെ പോസിറ്റീവായിട്ടാണ് എടുത്തിരിക്കുന്നത്. രമേശ് ചെന്നിത്തല്ലയെ മാറ്റി പുതിയ തലമുറക്ക് അവസരം നല്‍കുന്നതിനെ സോഷ്യല്‍ മീഡിയ പ്രകീര്‍ത്തിച്ചു.
ജനങ്ങളുടെ പള്‍സറിയുന്ന നേതാവാണ് സതീശനെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ശ്രീദേവിയുടെ എഫ് ബി പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

ഹൈക്കോടതി അഭിഭാഷകനായിരിക്കേ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായ ആളാണ് ശ്രീ.വി ഡി സതീശന്‍. പ്രാക്ടീസ് തുടര്‍ന്നിരുന്നെങ്കില്‍ കേരളത്തിലെ ഏറ്റവും കേസുള്ള അഭിഭാഷകരില്‍ ഒരാള്‍ ആയേനെ എന്നു തോന്നിയിട്ടുണ്ട്. ലോട്ടറി വിവാദത്തില്‍ ഡോ.തോമസ് ഐസക്കുമായുള്ള വാദപ്രതിവാദമാണ് ആദ്യം ഓര്‍മ്മയില്‍ വരിക.
ഏത് ഫയലും വിഷയവും നിയമത്തിന്റെ തലനാരിഴ കീറി പഠിക്കാന്‍ പാഷനുള്ള കുറച്ചുപേരെയേ നേതൃനിരയില്‍ കണ്ടിട്ടുള്ളൂ. സമായമില്ലായ്മ ഒരു ഘടകമാകാം. എന്നാല്‍ വി ഡി സതീശന്‍ അതില്‍ വ്യത്യസ്തനാണ്.
നെല്ലിയാമ്പതിയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ എം എല്‍ എ മാരുടെ സംഘത്തിനു നേതൃത്വം കൊടുത്തു പോയപ്പോഴാണ് അടുത്ത് പരിചയപ്പെടുന്നത്. ഡഉഎ നകത്ത് ഗങ മാണിക്കും പീസീ ജോര്‍ജിനും ബാലകൃഷ്ണ പിള്ളയ്ക്കും എതിരെ പരസ്യമായ നിലപാട് എടുത്തു. പിന്നീട് സുഗതകുമാരി ടീച്ചറുടെ നേതൃത്വത്തില്‍ പരിസ്ഥിതി ഐക്യവേദിയുടെ യോഗങ്ങള്‍ക്ക് സ്ഥിരം സാന്നിധ്യമായി, പരിചയവും.

‘സതീശേട്ടാ’ എന്ന് ആത്മാര്‍ത്ഥമായി വിളിക്കാനുള്ള സൗഹൃദവും ആയി. അപ്പോള്‍ മനസിലായ കാര്യമുണ്ട്, വസ്തുതാപരമായ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പാര്‍ട്ടി നിലപാടിന്റെ പേരില്‍ മാറ്റിപ്പറയില്ല. മിണ്ടാതിരുന്നേക്കാം, മനസാക്ഷിക്കു വിരുദ്ധമായി പാര്‍ട്ടി നിലപാട് ഉണ്ടെങ്കില്‍ അത് ന്യായീകരിക്കാന്‍ വരില്ല.
ഇന്നലെ പിണറായി വിജയനെപ്പറ്റി വിഡി സതീശന്റെ അഭിപ്രായം മനോരമയില്‍ വന്നത് ‘രണ്ടിലൊരു തീരുമാനം പെട്ടെന്ന് എടുക്കുന്ന, അത് പറയുന്ന ആള്‍’ എന്നാണ്. ഇങ്ങേരും അങ്ങനെതന്നെയല്ലേ എന്നു വായിച്ചപ്പോള്‍ തോന്നി. എത്ര സൗഹൃദം ഉണ്ടെങ്കിലും നടക്കാത്ത കാര്യം ‘അതൊന്നും നടക്കില്ല’ എന്നേ പറഞ്ഞു കേട്ടിട്ടുള്ളൂ.
‘എല്ലാം ഞാന്‍ ശരിയാക്കാം’ എന്നു മെറിറ്റ് നോക്കാതെ പ്രശ്‌നം ഏറ്റുപിടിക്കുന്ന, വ്യാജപ്രതീക്ഷ നല്‍കുന്ന നേതൃശൈലി അല്ല വിഡി സതീശന്റേത് എന്നാണ് എന്റെ അനുഭവം.
എത്രയോ മുന്‍പേ നേതൃത്വനിരയിലേക്കും മന്ത്രിപദത്തിലേക്കുമൊക്കെ വരേണ്ടിയിരുന്ന ആളാണ് വിഡി സതീശന്‍. കോണ്‍ഗ്രസ് നേതൃത്വത്തിന് ഇനിയും മനസിലാകാത്ത ജനങ്ങളുടെ പള്‍സ് അങ്ങേര്‍ക്ക് അറിയാം. അതുകൊണ്ടാണ് പറവൂര്‍ പോലുള്ള ഒരു ഇടതുഅനുകൂലമെന്ന് പറയാവുന്ന മണ്ഡലത്തില്‍പ്പോലും തുടര്‍ച്ചയായി ജയിക്കാന്‍ കഴിയുന്നത്. അതുകൊണ്ടാണ് ശബരിമല വിഷയത്തിലെ അനാവശ്യ കോലാഹലങ്ങളിലൊന്നും നമ്മള്‍ വിഡി സതീശനെ കാണാതിരുന്നത്.
തലമുറ മാറ്റമാണ് കോണ്ഗ്രസിന്റെ പാര്‍ലമെന്ററി സമിതിയില്‍. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വേണ്ടി ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ വിഡി സതീശന്റെ നേതൃത്വത്തിന് കഴിയട്ടെ. ആശംസകള്‍.

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close