കോഴിക്കോട്: സംസ്ഥാനത്തെ ആദ്യഘട്ട വാക്സീൻ വിതരണം
യുദ്ധകാല അടിസ്ഥനത്തില്‍ പൂർത്തിയാക്കാൻ
അടിയന്തരമായി ഈ മാസം തന്നെ 80 ലക്ഷം വാക്സിന് വാങ്ങാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിഎംപി സംസ്ഥാന അസി. സെക്രട്ടറി സി.എൻ.വിജയകൃഷ്ണൻ ആവശ്യപ്പെട്ടു.
ഓരോ മാസവും 80 ലക്ഷം വാക്സിന് വാങ്ങിയാല്‍ നാല് മാസം കൊണ്ട് മുഴുവന്‍ പേര്‍ക്കും വാക്സിനേഷന് എടുത്ത് കഴിയും. ബാക്കിയുള്ള ഓരോ മാസവും 40 ലക്ഷം വീതം വാങ്ങിയാല്‍ മതി. ഇത് എല്ലാം സര്‍ക്കാര്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ചെയ്ത് തീര്‍ക്കണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.
കോവിഡ് മൂലം അച്ഛനുമമ്മയും നഷ്ടപ്പെടുന്ന കുടുംബത്തിന് ധനസഹായം മാത്രം നൽകിയാൽ പോരാ. ആ കുടുംബത്തിൻ്റെ രക്ഷാകർത്താവായി വില്ലേജ് ഓഫീസറെയോ കളക്ടറെയോ നിശ്ചയിക്കണം. ഇത് വളരെ പ്രധാനമാണ്. രാജ്യത്ത് ഉയർന്നു വരുന്ന രോഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംസ്ഥാന, കേന്ദ്ര സർക്കാരുകൾ അടിയന്തരമായി തീരുമാനിക്കണം. നമ്മുടെ ആശുപത്രികളുടെ രീതിയും മാറ്റണം. വെൻ്റിലേറ്ററും ഓക്ലിജൻ ഉൽപ്പാദിപ്പിക്കുന്ന പ്ലാൻ്റുകളും എല്ലാ ആശുപത്രികളിലും നിർബന്ധമാക്കണം.അതിനു പുറമെ വർഷത്തിൽ ഒരാൾക്ക് 500 രൂപ വെച്ച് 65,000 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ ആരോഗ്യത്തിനു മാത്രമായി മാറ്റിവെക്കണം. ഈ പണം പുതിയ ആശുപത്രികളുണ്ടാക്കാനും ഉപയോഗിക്കണം. എത് രോഗം വന്നാലും കൈകാര്യം ചെയ്യാനായി സംസ്ഥാനങ്ങളിൽ അവിടത്തെ ജനസംഖ്യയുടെ പത്തു ശതമാനം എന്ന തോതിൽ ആശുപത്രിക്കിടക്കകൾ തയാറാക്കി വെക്കണം. ഇതിന് സംസ്ഥാന, കേന്ദ്ര സർക്കാറുകൾ മുൻകൈ എടുക്കണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ ഇനിയൊരു മഹാമാരി വന്നാൽ നമുക്ക് നേരിടാനുള്ള സംവിധാനമുണ്ടാവില്ല.
യുദ്ധകാല അടിസ്ഥാനത്തിൽ എല്ലാവർക്കും വാക്സിനേഷൻ ലഭ്യമാക്കുക,
കോവിഡുമായി ബന്ധപ്പെട്ട് മരണപ്പെട്ട മുഴുവൻ ആളുകളുടേയും കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ അടിയന്തര സഹായം നൽകുക , കോവിഡ് ദുരന്ത നിവാരണ കമ്മീഷൻ രൂപീകരിക്കുക, കോവിഡ്മൂലം മാതാപിതാക്കൾ നഷ്ടപെട്ട കുട്ടികളെ സർക്കാർ ഏറ്റെടുക്കുക
എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സിഎംപി നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സത്യഗ്രഹത്തിൻ്റെ
ജില്ലാ തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൽ ഹമീദ് (ബാപ്പുട്ടി ), ജില്ലാ ജോയിന്റ് സെക്രട്ടറി ചാലിൽ മൊയ്ദീൻ കോയ, ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ വിനോദ്, ബാലഗംഗാധരൻ,ഏരി യ കമ്മിറ്റി അംഗം ആയ പ്രവീൺ,സി എം പി പ്രവർത്തകർ ആയ സുബിത്,അബ്ദുൾ സലാം എന്നിവർ പങ്കെടുത്തു.