കോഴിക്കോട്: ലക്ഷദ്വീപിൽ ഫാസിസ്റ്റ് നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര ഭരണകൂടത്തിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പട്ടേലിൻ്റെ വാട്സപ്പ് നമ്പറിലേക്ക് എ.ഐ വൈ എഫ് നേതൃത്വത്തിൽ പ്രതിഷേധ സന്ദേശം അയച്ചു.
അഡ്മിനിസ്ട്രേറ്ററുടെ വാട്സ പ്പിലേക്ക് സന്ദേശമയച്ച ദ്വീപ് വാസികൾക്കെതിരെ കേസെടുത്ത നടപടി നേരത്തെ ഭരണകൂടത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള ഏകാധിപത്യ പ്രവണതകൾക്ക് എതിരെയുമായിരുന്നു പ്രതിഷേധം.
കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം സാഹിത്യകാരൻ കെ.പി. രാമനുണ്ണി നിർവ്വഹിച്ചു. മലയാളികളുടെ സ്വത്വത്തിന്റെ ലക്ഷദീപെന്നും മലയാളിയുടെ ശരീരത്തിൽ തൊട്ട വേദനയാണ് ലക്ഷദ്വീപ് വിഷയത്തിൽ കേരളക്കാർ അനുഭവിക്കുന്നതെന്നും കെ.പി രാമനുണ്ണി പറഞ്ഞു.
എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ.പി. ഗവാസ്, ജില്ലാ ഭാരവാഹികളായ റിയാസ് അഹമ്മദ്, കെ. സുജിത്ത്, കുന്ദമംഗലം മണ്ഡലം കമ്മറ്റി അംഗം ആകാശ് ചെറൂപ്പ, സി.പി.ഐ ലോക്കൽ കമ്മറ്റി അംഗം എം.പി. അനിൽകുമാർ പങ്കെടുത്തു.