കോഴിക്കോട്: സ്വകാര്യ ബസ് വ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആള്‍ കേരള പ്രൈവറ്റ് ബസ് മെമ്പേഴ്സ് നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ എം എല്‍ എമാര്‍ക്കും നിവേദനം നല്‍കി. സ്വകാര്യ ഉടമസ്ഥതയിലുള്ള പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ അവശ്യ സര്‍വ്വീസ് ആയി സര്‍ക്കാര്‍ പ്രഖ്യാപിക്കുക. ആഴ്ചയില്‍ ഒരു ദിവസം പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഡേ ആചരിക്കുക. ബസുകളുടെ സംരക്ഷണ ചുമതല വഹിക്കുന്നതിന് സര്‍ക്കാര്‍ നേരിട്ട് ഒരു സമിതി രൂപീകരിക്കുക, ബസുകളുടെ പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ കിലോമീറ്റര്‍ കണക്കാക്കി ഡീസല്‍ സബ്സിഡി അനുവദിക്കുക, കോവിഡ് പ്രതിസന്ധി തീരുന്നതുവരെ ടാക്സ് ക്ഷേമനിധി തുകകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. തകര്‍ച്ച നേരിടുന്ന പബ്ലിക് ബസ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പതിനായിരം രൂപ അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കുക, ബസ് തൊഴിലാളികള്‍ക്ക് ഇ എസ് ഐ ആനുകൂല്യം അനുവദിക്കുക തുടങ്ങിയവ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് എം എല്‍ എമാര്‍ക്ക് നിവേദനം നല്‍കിയത്.
സ്വകാര്യ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, ഓരോ മണ്ഡലത്തിലും സ്വകാര്യ ബസുകള്‍ നിലച്ചുപോയാല്‍ ഉണ്ടാവുന്ന യാത്രാക്ലേശം, തൊഴില്‍ നഷ്ടം എന്നിവയെല്ലാം ജനപ്രതിനിധികളെ അറിയിച്ചെന്നും സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി. ബസ് മേഖലയെയും ഒരു ലക്ഷത്തോളം വരുന്ന തൊഴിലാളികളെയും സംരക്ഷിക്കുവാന്‍ നടപടിയുണ്ടാവണമെന്നും ഗതാഗത മന്ത്രിയോട് സംഘടന ആവശ്യപ്പെട്ടു.