അടിവാരം:പുതുപ്പാടി മണല്‍വയലില്‍ വയോധികന്‍ തനിച്ച് താമസിക്കുന്ന വീട്ടില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരൻ ചമഞ്ഞ് മോഷ്ടിക്കാനെത്തിയ രണ്ട് പേര്‍ പിടിയില്‍. തെയ്യപ്പാറ കണ്ണാടിപറമ്പില്‍ ഇബ്രാഹിം എന്ന അനസ്(29) തെയ്യപ്പാറ മാങ്കോട്ടില്‍ അരുണ്‍ ജോസഫ് (38) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. പുതുപ്പാടി മണല്‍ വയലില്‍ കുമ്പുളുവേലില്‍ സിറിയക്ക്(60)ന്റെ വീട്ടിലാണ് ശനിയാഴ്ച കവർച്ചാ ശ്രമം നടന്നത്. ആരോഗ്യവകുപ്പില്‍ നിന്നും കോവിഡ് പരിശോധ നടത്താനെത്തിയതാണെന്ന് പറഞ്ഞ് കഴിഞ്ഞ വ്യാഴാഴ്ച്ച സിറിയക്കിന്റെ വീട്ടിലെത്തി. കോവിഡ് വാക്‌സിനെടുത്തതാണെന്ന് അറിയിച്ചതോടെ വാക്‌സിനെടുത്തതിന്റെ വിവരങ്ങള്‍ തിരക്കി. ഫോണ്‍ നമ്പറും ആധാര്‍ നമ്പറും വാങ്ങിയ ശേഷം അനസ് വീട്ടിലെ വിവരങ്ങളും പരിസരവും മനസിലാക്കി പരിശോധനയ്ക്കാവശ്യമായ കിറ്റ് കഴിഞ്ഞെന്ന് പറഞ്ഞ് മടങ്ങി. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സിറിയക്ക് സുഹൃത്തുക്കളെ അറിയിക്കുകയും തുടര്‍ന്ന് നാട്ടുകാര്‍ വെളളിയാഴ്ച്ച കാത്തിരുന്നെങ്കിലും ഇയാള്‍ എത്തിയില്ല. ശനിയാഴ്ച്ച വൈകുന്നേരം വീണ്ടും പിപിഇ കിറ്റ് ധരിച്ച് അനസ് സിറിയക്കിന്റെ വീട്ടില്‍ എത്തി. വിവരം സിറിയക് സുഹൃത്തുക്കളെ അറിയിക്കുന്നതിനായി വീടിനുള്ളിലേയ്ക്ക് കറിയപ്പോള്‍ അപകടം മണത്ത അനസ് വീട്ടില്‍ നിന്ന് ഇറങ്ങി ഓടി വഴിയില്‍ നിര്‍ത്തിയിട്ട അരുണിന്റെ ഓട്ടോറിക്ഷയില്‍ കയറി സ്ഥലം വിട്ടു. നാട്ടുകാര്‍ ബൈക്കുകളില്‍ പിന്‍ന്തുടര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോള്‍ മുളക്ക് പൊടിയും കത്തിയും കയറും കണ്ടെത്തി. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.