കോഴിക്കോട് : മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ലോ കോളേജിനെ 2025 നകം അന്താരാഷ്ട്ര നിലവാരമുള്ള മികച്ച നിയമ ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്ന് മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി.
ദേശീയ, അന്തര്‍ദേശീയ രംഗത്തെ പ്രമുഖ നിയമ പഠന ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാവും ഗവേഷണ കേന്ദ്രം സ്ഥാപിക്കുക. ഇതിന്റെ ഭാഗമായി രണ്ടു പുതിയ ദ്വിവര്‍ഷ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ അടുത്ത ജനുവരിയില്‍ ആരംഭിക്കുന്നതാണ്. എല്‍.എല്‍.എം കോണ്‍സ്റ്റിറ്റിയൂഷണല്‍ ലോ, എല്‍.എല്‍.എം കൊമേഴ്സ്യല്‍ ലോ എന്നിവ ആരംഭിക്കുതിനായുള്ള എല്ലാ അനുമതികളും ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രമുഖ നിയമ പണ്ഡിതനും അക്കാദമിക് വിദഗ്ധനുമായ ഡോ. ത്വാഹിര്‍ മഹ്മൂദിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് വിദഗ്ധ അക്കാദമിക സംഘത്തിന്റെ നേതൃത്വത്തിലാവും പ്രവര്‍ത്തനങ്ങള്‍ തുടരുക.
നിയമ രംഗത്തെ പ്രമുഖ വിദേശ പണ്ഡിതന്മാരുള്‍പ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കുന്നതിന് സ്കോളര്‍ ഇന്‍ റെസിഡന്‍സ് പദ്ധതി നടപ്പിലാക്കും. മര്‍കസുമായി അക്കാദമിക് അഫിലിയേഷനുള്ള അന്തര്‍ദേശീയ സര്‍വ്വകലാശാലകളുമായി സ്റ്റുഡന്റ് ഫാക്കല്‍റ്റി എക്സ്ചേഞ്ച് കരാര്‍ വഴി മര്‍കസ് വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്തും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലും നിയമ രംഗത്തെ ഗവേഷണ പഠനങ്ങള്‍ക്ക് അവസരമൊരുക്കുന്നതാണ്.
സാധാരണക്കാര്‍ക്ക് നിയമ സാക്ഷരതയും നിയമ സഹായവും നല്കുന്ന മര്‍കസ് ലീഗല്‍ എയ്ഡ് ക്ലിനിക്ക്, ലീഗല്‍ എയ്ഡ് കാമ്പുകള്‍ എന്നിവ ദേശീയ തലത്തില്‍ ശ്രദ്ധി ക്കപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിന്റെ നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പഞ്ചവത്സര ബി ബി എ, എല്‍ എല്‍ ബി, ത്രിവത്സര എല്‍ എല്‍ ബി കോഴ്സുകള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു. നിയമ രംഗത്തെ പുതിയ പ്രവണതകളെ സ്വാംശീകരിച്ച് കൊണ്ടുള്ള വാല്യു ആഡഡ് കോഴ്സുകളും അടുത്ത അക്കാദമിക വര്‍ഷം മുതല്‍ ആരംഭിക്കുന്നതാണ്. ഭരണഘടനാ മൂല്യങ്ങളെ ജീവിതത്തില്‍ പകര്‍ത്തുന്ന പ്രതിബദ്ധരായ പ്രൊഫഷണലുകളെ സൃഷ്ടിക്കുകയാണ് മര്‍കസ് ലക്ഷ്യമിടുന്നതെന്നും ഹകീം അസ്ഹരി പറഞ്ഞു.
യൂനാനി മെഡിക്കല്‍ കോളേജ്, ഗ്ലോബല്‍ സ്കൂള്‍, ഫിനിഷിങ് സ്കൂള്‍, വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ്, മാനേജ്മെന്റ് പരിശീലന കേന്ദ്രം, ക്യൂന്‍സ് ലാന്റ് എന്നിവ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ ഏക യൂനാനി മെഡിക്കല്‍ കോളേജായ മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജില്‍ നിന്നും പ്രഥമ ബാച്ച് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിട്ടുണ്ട്. ഫാര്‍മസി, നഴ്സിംഗ്, മാനേജ് മെന്റ്, കൃഷി കോളേജുകള്‍ സമീപ ഭാവിയില്‍ തന്നെ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുല്‍സലാം വ്യക്തമാക്കി.
വിവിധ ഗവേഷണ കേന്ദ്രങ്ങളുമായി സഹകരിച്ചുള്ള ബ്രെയിന്‍ ഗവേഷണ സ്ഥാപനം, സ്റ്റീവന്‍സ് യൂണിവേഴ്സിറ്റി സഹകരണത്തോടെയുള്ള നിര്‍മിത ബുദ്ധിഗവേഷണ കേന്ദ്രം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നോളേജ് സിറ്റിയുടെ കള്‍ചറല്‍ സെന്ററിനോടനുബന്ധിച്ച് നിര്‍മാണം നടക്കുന്ന ലൈബ്രറിയും മ്യുസിയവും അക്കാദമിക ആവശ്യങ്ങള്‍ക്കായി വൈകാതെ തുറന്നു കൊടുക്കുന്നതാണ്. വാര്‍ത്താ സമ്മേളനത്തില്‍ മര്‍കസ് ലോ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ സി അബ്ദുല്‍ സമദും സംബന്ധിച്ചു