കോഴിക്കോട് :ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളെ അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്തുവാനുള്ള തീരുമാന പ്രകാരം 2017 ൽ 23 റെയിൽവേ സ്റ്റേഷനുകളെയാണ് തിരഞ്ഞെടുത്തത് . അതിൽ കേരള സംസ്ഥാനത്തിൽ നിന്നും കോഴിക്കോട് റെയിൽവേ സ്റ്റേഷനെയാണ് തിരഞ്ഞെടുത്തിരുന്നത്. പ്രസ്തുത വര്ഷം തന്നെ ടെൻഡർ നടപടികൾ സ്വീകരിക്കുകയുണ്ടായി. ആദ്യം ടെൻഡർ സമർപ്പിച്ചിട്ടുള്ളവരോട് ഡിസൈൻ സമർപ്പിക്കുവാനാണു തീരുമാനം ഉണ്ടായിരുന്നത്. അത് പ്രകാരം ആദ്യ ടെൻഡർ സമർപ്പിച്ച യു.എൽ.സി.സി.എസ്. ഡിസൈൻ ഉണ്ടാക്കി റെയിൽവേ ലാൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റിക്ക് 2018 – ൽ 75 കോടി രൂപയുടെ എസ്റ്റിമേറ്റ് പ്രകാരം ഡിസൈൻ സമർപ്പിച്ചിരുന്നെവെങ്കിലും ഇതേ വരെ RLDA ഡി.പി.ആർ. തയ്യാറാക്കിയിട്ടില്ല. ആയതിനാൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനം ഇന്നും തുടങ്ങിയിടത്തു തന്നെ നിൽക്കുകയാണ്. മലബാർ ചേംബർ പ്രസിഡണ്ട് കെ .വി. ഹസീബ് അഹമ്മദിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന മലബാർ ചേംബർ ഭാരവാഹികളുടെ യോഗം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനയച്ച നിവേദനത്തിലൂടെ വികസനം ഉടൻ സാധ്യമാക്കണം എന്ന് അഭ്യർത്ഥിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ എം നിത്യാനന്ദ് കാമത്ത്, എം.പി.എം. മുബഷിർ, മുൻ പ്രസിഡന്റ് എ. ശ്യാം സുന്ദർ, പി. സ് സുബിൽ , നയൻ ജെ ഷാ തുടങ്ങിയവർ സംസാരിച്ചു.